അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജുമായാണ് സംവൃത സുനില്‍ സിനിമയില്‍ എത്തുന്നത്. രസികനിലെ തങ്കിയായി മലയാള സിനിമയില്‍ എത്തി വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്ത് ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം നടി ഗീതയായി സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. മടങ്ങി വരവിനെക്കുറിച്ചും, പുത്തന്‍ വിശേഷങ്ങളെക്കുറിച്ചും സംവൃത മനസുതുറക്കുന്നു…
ബ്രേക്ക് എടുക്കണമെന്ന് തീരുമാനിച്ചിരുന്നു

വിവാഹത്തിന് ശേഷം സിനിമയില്‍ അഭിനയിക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല.ഒരു ബ്രേക്ക് എടുക്കണമെന്ന് തീരുമാനിച്ചിരുന്നു.കുടുംബ ജീവിതം നന്നായി ആസ്വദിക്കണമെന്ന് തോന്നി.ആ തീരുമാനം നല്ലതായിരുന്നു.അഖിലേട്ടന്റെയും എന്റെയും വീട്ടുകാരുടെ പിന്തുണയാണ് മടങ്ങി വരവിന് സഹായിച്ചത്.നല്ല സിനിമയാണെന്ന് അറിഞ്ഞപ്പോള്‍ അവരെന്നെ പ്രോത്സാഹിപ്പിച്ചു. ബിജു ചേട്ടന്റെ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെയുള്ള തിരിച്ചുവരവ് ഭാഗ്യമായി കാണുന്നു.സംവൃതയ്ക്ക് ഒരു മാറ്റവുമില്ലെന്നും മുന്‍പ് കണ്ട പോലെയുണ്ടെന്നും പറയുന്നവരുണ്ട്. സത്യമാണത്.വലിയ മാറ്റം വന്നില്ല.എന്നാല്‍ ചെറിയ മാറ്റമുണ്ട്.എനിക്ക് അത് അറിയാന്‍ കഴിയുന്നുണ്ട്.
ജീവിതത്തിന്റെ ഭാഗമാണ് യു.എസ്
അഖിലേട്ടനൊപ്പം യു.എസില്‍ വന്നപ്പോള്‍ അവധിക്കാല മൂഡായിരുന്നു. പുതിയ സ്ഥലം, പുതിയ ആളുകള്‍, തീര്‍ത്തും പുതിയ ലോകം.ഞാന്‍ അത് ആസ്വദിച്ചു.സന്തോഷം നിറഞ്ഞ ദിനങ്ങളായിരുന്നു.മെല്ലെ ഞാന്‍ എന്റെ തിരക്കുകളില്‍ മുഴുകി.ഇപ്പോള്‍ ഓര്‍ക്കുമ്ബോള്‍ മനസ് നിറയുന്നു.എന്റെ ജീവിതത്തിന്റെ ഭാഗമാണ് യു.എസ് ഇപ്പോള്‍. അവിടെ എത്തിയശേഷമാണ് പാചകം പഠിച്ചത്.അതിനു മുന്‍പ് പാചകത്തില്‍ പരീക്ഷണമൊന്നും നടത്തിയിട്ടില്ല. ഓരോന്നായി ചെയ്തു പഠിച്ചു.പതിയെ പാചകത്തില്‍ കൂടുതല്‍ മുഴുകി.യാത്രയും സിനിമകളും ആസ്വദിച്ച് യു.എസ് ജീവിതം മുന്നോട്ട് പോയി.
അമ്മ എന്ന നിലയില്‍ ഹാപ്പിയാണ്
മോന്‍ ജനിച്ചശേഷം ജീവിതമാകെ മാറി.അമ്മയുടെ ഉത്തരവാദിത്വം വളരെ വലുതാണ്.അഖിലേട്ടന് അച്ഛന്റെ ഉത്തരവാദിത്വവും.യാത്രകളും സിനിമകളും കുറച്ചു.മോന്റെ താത്പര്യം ഞങ്ങളുടെ ഇഷ്ടമായി.മോന്‍ ഇപ്പോള്‍ പ്രീ സ്‌കൂളില്‍ പഠിക്കുന്നു.അമ്മ എന്ന നിലയിലും ഞാന്‍ സന്തോഷവതിയാണ്
താരപരിവേഷമില്ലാത്ത ജീവിതം
യു.എസില്‍ എനിക്ക് താരപരിവേഷമൊന്നുമില്ല.നോര്‍ത്ത് കരോളിനയിലെ ഷാര്‍ലറ്റിലാണ് താമസിക്കുന്നത് .പുതിയ വീട് വാങ്ങി.വീട്ടു ജോലികള്‍ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്ന സാധാരണ വീട്ടമ്മയാണ് ഞാന്‍. നാട്ടില്‍ പോവുമ്ബോഴാണ് സിനിമാ താരമായിരുന്നെന്ന് ഓര്‍ക്കുന്നത്.
സിനിമ സൗഹൃദങ്ങള്‍
ഇടയ്ക്ക് സിനിമയിലെ സൗഹൃദം പുതുക്കാറുണ്ട്. ‘ചോക്‌ളേറ്റിന്റെ മധുരമായ ഓര്‍മ്മകള്‍ പങ്കുവച്ച് രാജുവും(പൃഥ്വിരാജ്) ജയേട്ടനും(ജയസൂര്യ) ഞാനും കേക്ക് മുറിച്ച് ആഘോഷിച്ചത് മറക്കാനാവാത്ത അനുഭവമാണ്. എത്ര രസകരമായിരുന്നു ചോക്‌ളേറ്റിന്റെ ഷൂട്ടിംഗ് ദിവസങ്ങള്‍.വീണ്ടും സിനിമയില്‍ സജീവമാകണമെന്നാഗ്രഹമില്ല.ഇതുപോലെ ഇടവേളയ്ക്കുശേഷമായിരിക്കും അടുത്ത സിനിമ.എന്നെ ആകര്‍ഷിക്കുന്ന കഥയും നല്ല സംവിധായകരുടെ സിനിമയും വന്നാല്‍ തീര്‍ച്ചയായും ചെയ്യും.













