വി.എസിന് ഇന്ന് 98ാം പിറന്നാള്‍

വി.എസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റിയെട്ടാം പിറന്നാൾ. പതിവു പോലെ ഇത്തവണയും വലിയ ആഘോഷങ്ങളില്ല‍. വി.എസ് ഉയര്‍ത്തുന്ന ആരവങ്ങളൊന്നുമില്ലെങ്കിലും ആ രണ്ടക്ഷരത്തിലെ അഗ്നി അണികള്‍ക്കിടയില്‍ ഇപ്പോഴുമുണ്ട്. പ്രായാധിക്യം വി.എസിലെ പോരാളിക്ക് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്.

നീട്ടിക്കുറുക്കിയുള്ള പ്രസംഗവും അണുവിട മാറാത്ത രാഷ്ട്രീയം പറച്ചിലും അതിനുയരുന്ന കയ്യടികളുമെല്ലാം പഴയ കഥയായി. പക്ഷെ കണ്ണേ കരളേ വി.എസേ എന്ന മുദ്രാവാക്യം ഓര്‍മ്മയിലിപ്പോഴും മുഴങ്ങുന്നുണ്ട്. സി.പി.എമ്മിലെ ജീവിച്ചിരിക്കുന്ന ഏക സ്ഥാപക നേതാവാണ് വി.എസ്. പാര്‍ട്ടിക്ക് അകത്തും പുറത്തും വി.എസിന്‍റെ തിരുത്തുകള്‍ക്ക് വിലയുള്ള കാലമാണെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ പിന്നോട്ട് വലിക്കുന്നു.

അപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെടുന്ന ഫേസ്ബുക്ക് എഴുത്തുകളിലേക്ക് അദ്ദേഹം ചുരുങ്ങി. എങ്കിലും അണികള്‍ക്ക് വി.എസ് ഇപ്പോഴും തളര്‍ച്ച ബാധിക്കാത്ത യൗവ്വനമാണ്. പാര്‍ട്ടി വിലക്കുകളെയും ശാസനകളെയും പോലും ജനകീയ പിന്തുണ കൊണ്ട് നിഷ്പ്രഭമാക്കിയ നേതാവ് പുതിയ പോരാട്ടങ്ങള്‍ക്ക് അവര്‍ക്ക് ഊര്‍ജം നല്‍കുന്നു. 2001ൽ പ്രതിപക്ഷ നേതാവായത് മുതലാണ് വി.എസിന്‍റെ പിറന്നാളും പൊതുകാര്യമാകുന്നത്.

19 വർഷമായി തുടരുന്ന പിറന്നാൾ കാഴ്ചകളൊന്നും ഇത്തവണയില്ല. കഴിഞ്ഞ വര്‍ഷങ്ങളെ പോലെ വീട്ടിലെ കേക്കുമുറിക്കലിൽ ചുരുക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. ഡോക്ടർമാരുടെ നിർദേശവും കോവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്താണ് ഇത്തവണ അതിഥികളെ ഒഴിവാക്കുന്നത്. സമകാലിക കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത ജനനായകന് പിറന്നാള്‍ ആശംസകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *