വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് യുവാവ് മണിക്കൂറുകള്‍ക്കുളളില്‍ ജീവനൊടുക്കി


വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് യുവാവ് മണിക്കൂറുകള്‍ക്കുളളില്‍ ജീവനൊടുക്കി. കര്‍ണാടകയിൽ ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയിലാണ് സംഭവം. യെല്ലാപൂര്‍ സ്വദേശിയായ രഞ്ജിത ഭനസോഡെ (30) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ റഫീക്ക് ഇമാംസാബും ഉത്തര കന്നഡ സ്വദേശിയായിരുന്നു.


അങ്കണവാടിയിലെ പാചകക്കാരിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ റഫീഖ് തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ യെല്ലാപൂരില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുളള വനപ്രദേശത്തുനിന്നാണ് റഫീഖിന്റെ മൃതദേഹം കണ്ടെത്തിയത്.


രഞ്ജിതയും റഫീഖും സ്‌കൂള്‍ കാലം മുതൽ പരിചയക്കാരാണ്. 12 വര്‍ഷം മുന്‍പ് രഞ്ജിത മഹാരാഷ്ട്ര സ്വദേശിയായ സച്ചിന്‍ കട്ടേര എന്നയാളെ വിവാഹം കഴിച്ചു. ഇവര്‍ക്ക് 10 വയസുളള മകനുണ്ട്. ഇരുവരും വേര്‍പിരിഞ്ഞ ശേഷം രഞ്ജിത യെല്ലാപൂരിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.

സ്‌കൂളില്‍ ഉച്ചക്കഞ്ഞി വയ്ക്കാന്‍ സഹായിയായി ജോലി ചെയ്തുവരികയായിരുന്ന രഞ്ജിതയോട് റഫീഖ് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ നിരവധി തവണ സമ്മര്‍ദം ചെലുത്തിയിട്ടും രഞ്ജിതയും കുടുംബവും വിവാഹത്തിന് സമ്മതം മൂളിയില്ല. ഇതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.



Sharing is Caring