ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ചൈന. ജനസംഖ്യ നിയന്ത്രിക്കാൻ സർക്കാർ കർശന നടപടികൾ കൈകൊണ്ടെങ്കിലും മറ്റൊരു സുപ്രധാന പ്രശ്നമാണ് ചൈന ഇപ്പോൾ നേരിടുന്നത്. വിവാഹം കഴിക്കാൻ ചൈനയിലെ പുരുഷന്മാർക്ക് സ്ത്രീകളെ കിട്ടുന്നില്ല. പുരുഷന്മാരെക്കാൾ സ്ത്രീകളുടെ എണ്ണം കുറവായതാണ് കാരണം. ഇതിനു ഷെയ്ജിങ് സർവകലാശാലയിലെ പ്രൊഫസർ കണ്ടെത്തിയ പരിഹാരമാണ് ഇപ്പോൾ ചൈനയിലെ പ്രധാന ചർച്ചാവിഷയം.
ഒരു സ്ത്രീയെത്തന്നെ ഒന്നിലധികം പുരുഷന്മാർ വിവാഹം കഴിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രൊഫസറുടെ നിർദേശം. രണ്ടു പുരുഷന്മാർ പരസ്പരം വിവാഹം കഴിക്കുന്നത് നിയമപരമാക്കുന്നതും നല്ല ആശയമെന്നും ഇദ്ദേഹം പറയുന്നു. തന്റെ ബ്ലോഗിലൂടെ പ്രൊഫസർ ആശയം പങ്കുവച്ചത്.

പാവപ്പെട്ടവരായ ആൾക്കാർക്ക് വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടുന്നില്ല. അവർക്ക് വരുമാനമില്ലാത്തതാണ് കാരണം. എന്നാൽ പണക്കാർക്ക് ഇതൊരു പ്രശ്നമില്ല. അവരുടെ കയ്യിൽ ധാരാളം പണമുണ്ട്. അവർക്ക് ഇഷ്ടമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാം. അതിനാൽ പാവപ്പെട്ടവർക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം ഒരു സ്ത്രീയെ തന്നെ ഒന്നിലധികം പേർ വിവാഹം ചെയ്യുക എന്നതായിരിക്കും. ചില പ്രദേശങ്ങളിൽ സഹോദരന്മാർ ഒരു സ്ത്രീയെ തന്നെ വിവാഹം കഴിച്ചിട്ടുണ്ട്. അവർ സന്തോഷകരമായി ജീവിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു. അതേസമയം, അദ്ദേഹത്തിന്റെ വാക്കുകൾക്കെതിരെ ചൈനയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.













