മട്ടന്നൂർ : വിമാനത്താവള നിർമാണത്തിന് ആവശ്യമായ ചെങ്കല്ലും മണ്ണും കരിങ്കല്ലും പദ്ധതി പ്രദേശത്തു നിന്നു കിട്ടിയതു നിർമാണത്തിനു വേഗം കൂടാൻ സഹായകമായി. ഒരു കാലത്ത് നിറയെ ചെങ്കൽ ഖനന മേഖലയായിരുന്ന മൂർഖൻ പറമ്പിലാണ് വിമാനത്താവളം. ആയിരത്തോളം പേർ ചെങ്കൽ ഖനനവുമായി ബന്ധപ്പെട്ട് മൂർഖൻ പറമ്പിലും പരിസരങ്ങളിലുമായി തൊഴിൽ ചെയ്തിരുന്നു. വിമാനത്താവളത്തിനു ഭൂമി ഏറ്റെടുത്തതോടെ ചെങ്കൽ ക്വാറികൾ ഇല്ലാതായി. കെട്ടിട നിർമാണത്തിനും മറ്റ് അടിസ്ഥാന പ്രവൃത്തികൾക്കും ആവശ്യമായ ചെങ്കല്ല് പദ്ധതി പ്രദേശത്തു നിന്നു തന്നെ വെട്ടിയെടുത്തു.
ഇടിച്ചു താഴ്ത്തേണ്ട കുന്നുകൾ മിക്കതും ചെങ്കൽ കുന്നുകളായതിനാൽ കല്ല് വെട്ടിയെടുത്ത് ഉപയോഗപ്രദമാക്കുകയായിരുനനു. റൺവേയുടെയും മറ്റും നിർമാണത്തിന് കരിങ്കല്ല് കൊണ്ടു വന്നത് മറ്റിടങ്ങളിൽ നിന്നാണ്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ ഒട്ടു മിക്ക ക്വാറികളിൽ നിന്നും കൂറ്റൻ കല്ലുകൾ ടിപ്പർ ലോറികളിൽ പദ്ധതി പ്രദേശത്ത് എത്തിച്ചു. നിർമാണ കമ്പനിയുടെ ക്രഷർ യൂണിറ്റുകളിലാണ് കരിങ്കല്ലുകൾ ആവശ്യത്തിനുള്ള വലിപ്പത്തിൽ മെറ്റലുകളാക്കി മാറ്റുന്നത്. മണലിനു പകരമായി ഉപയോഗിക്കാവുന്ന പാറപ്പൊടിയും ഇവിടെ നിന്ന് ഉൽപ്പാദിപ്പിച്ചു.













