വിഴിഞ്ഞം കരാര്‍: ഹരജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു


കൊച്ചി: വിഴിഞ്ഞം കരാറിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്ന ഹരജി ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. അദാനി പോര്‍ട്സ് ലിമിറ്റഡ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ തുറമുഖ മന്ത്രി കെ. ബാബു, സംസ്ഥാന സര്‍ക്കാര്‍, ചീഫ് സെക്രട്ടറി, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട എല്ലാ എതിര് കക്ഷികള്‍ക്കും നോട്ടീസ് അയച്ചു. കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പിന്നീട് വാദം കേള്‍ക്കും.


സി.എ.ജിയുടെ അധികാരം സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കി. സ്റ്റേറ്റ് അറ്റോര്‍ണിയാണ് വിശദീകരണം നല്‍കിയത്. വിഴിഞ്ഞം കരാര്‍ പരിശോധിക്കാന്‍ സി.എ.ജിക്ക് അധികാരമുണ്ടെന്നും ഇത് ഭരണഘടന നിര്‍വചിച്ചിട്ടുള്ള അധികാരമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാനുള്ള അധികാരം നിയമസഭക്കാണെന്നും സര്‍ക്കാര്‍ വിശദീകരണത്തില്‍ വ്യക്തമാക്കി.


വിഴിഞ്ഞം തുറമുഖത്തിനായി സംസ്ഥാന സര്‍ക്കാറും അദാനി ഗ്രൂപ്പും ഒപ്പിട്ട കരാറുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടി​ന്‍റെ നിയമപരമായ സാധുത ചോദ്യം ചെയ്ത് കൊല്ലം സ്വദേശി എം.കെ. സലിമാണ് ഹരജി സമര്‍പ്പിച്ചത്. കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന സി.എ.ജി റിപ്പോര്‍ട്ടി​ന്‍റെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം.



Sharing is Caring