വിധി തുണച്ചില്ല…ചിത്രയുടെ അവസരം നഷ്ടമാകും…

പി.യു ചിത്രയുടെ ലണ്ടന്‍ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പി.യു ചിത്രയുടെ കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് ഏഷ്യന്‍ അത്‌ലറ്റിക് അസോസിയേഷന്‍. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണെന്നും ഏഷ്യന്‍ അത്‌ലറ്റിക് അസോസിയേഷന്‍ വ്യക്തമാക്കി. അതേസമയം രജിസ്‌ട്രേഷന്‍ സമയം കഴിഞ്ഞെന്ന നിലപാടിലാണ് അത്‌ലറ്റിക് ഫെഡറേഷന്‍. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് കോടതി വിധിയെന്നാണ് ഫെഡറേഷന്‍ പറുന്നത്. അതേ സമയം ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കായിക മന്ത്രി എ.സി മൊയ്തീന്‍ പ്രതികരിച്ചു.
ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ പി.യു ചിത്രയെ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. 1500 മീറ്റര്‍ മത്സരത്തില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ചിത്ര നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. അത്‌ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര ഏജന്‍സിയായതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.
നേരത്തെ പി.യു ചിത്രയെ ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലാണെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ കായിക മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഏഷ്യന്‍ മീറ്റിലെ സ്വര്‍ണം യോഗ്യതയായി കണക്കാക്കാനാകില്ലെന്നും ഫെഡറേഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കരിയറിലെ മികച്ച പ്രകടത്തോടെയാണ് പിയു ചിത്ര ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയത്. ലോക റാങ്കിങ്ങില്‍ ചിത്രയുടെ പ്രകടനം 200ാമത് മാത്രമാണെന്നും പ്രകടനത്തിന് സ്ഥിരതയില്ലെന്നും മെഡല്‍ നേടാന്‍ സാധ്യതയില്ലെന്നുമാണ് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനും സെലക്ടര്‍മാരും വാദിക്കുന്നത്. മികച്ച താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ഒഫിഷ്യല്‍സിന് ലണ്ടന്‍ യാത്ര തരപ്പെടുത്താനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 24 അംഗ ഇന്ത്യന്‍ അത്‌ലറ്റിക് സംഘത്തിന് അകമ്പടി സേവിക്കുന്നത് 13 ഒഫിഷ്യലുകളാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *