വാഗ്ദാനം നിറവേറ്റി സര്‍ക്കാര്‍; കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണം ആരംഭിച്ചു


തിരുവനന്തപുരം > കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശികത്തുക വിതരണം തുടങ്ങി. പെന്‍ഷന്‍ വിതരണ ഉദ്ഘാടനം തമ്ബാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.


ജനുവരി വരെയുള്ള പെന്‍ഷന്‍ കുടിശിക ഈ മാസം 28നുള്ളില്‍ വിതരണം ചെയ്യും. തുടര്‍ന്ന് ഓരോമാസവും അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കും. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് പണം നല്‍കുന്നത്്. സംസ്ഥാന സഹകരണ ബാങ്കാണ് കണ്‍സോര്‍ഷ്യം ലീഡര്‍. സംസ്ഥാനത്ത് 39045 പെന്‍ഷന്‍കാരാണ് ഉള്ളത്.


പെന്‍ഷന്‍തുക നേരത്തെ നിക്ഷേപിക്കപ്പെട്ടിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തെ സഹകരണ ബാങ്കിലോ സംഘങ്ങളിലോ പെന്‍ഷന്‍കാര്‍ അക്കൗണ്ട് തുടങ്ങണം. ഇപ്രകാരം അക്കൗണ്ട് തുടങ്ങാവുന്ന സംസ്ഥാനത്തെ എഴുനൂറോളം സംഘങ്ങളുടെ പട്ടിക ഓരോ ജില്ലയിലെയും പെന്‍ഷന്‍കാര്‍ക്കും കെഎസ്‌ആര്‍ടിസി അധികൃതര്‍ക്കും നല്‍കിയിട്ടുണ്ട്. നിലവിലുള്ള പട്ടിക പ്രകാരമുള്ള ബാങ്കുകളില്‍നിന്ന് പെന്‍ഷന്‍ വാങ്ങാന്‍ പ്രയോഗിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ബദല്‍ സംവിധാനവും സഹകരണ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തങ്ങളുടെ ഏറ്റവും അടുത്തുള്ള സഹകരണ ബാങ്കില്‍ അകൗണ്ട് തുടങ്ങി വിവരങ്ങള്‍ കെഎസ്‌ആര്‍ടിസി വഴി സഹകരണ വകുപ്പിന് നല്‍കിയാല്‍ അക്കൗണ്ടില്‍ പണം നിക്ഷേപിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ 10 ശതമാനം പലിശയ്ക്കാണ് പണം നല്‍കുന്നത്. ഇപ്പോഴത്തെ ധാരണാപത്രം പ്രകാരം ജൂലൈ വരെയുള്ള പെന്‍ഷനാണ് സഹകരണ ബാങ്കുകള്‍ വഴി നല്‍കുക.



Sharing is Caring