വാക്സിൻ വിതരണത്തിന് ഒരുങ്ങാൻ രാജ്യം; ഇന്ന് മുഴുവൻ സംസ്ഥാനങ്ങളിലും ഡ്രൈ റൺ

രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണത്തിന്‍റെ ഭാഗമായുള്ള മോക് ഡ്രിൽ ഇന്ന് നടക്കും. മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡിനെതിരായ വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് കോവിഷീൽഡിന് അനുമതി നൽകണമെന്ന് ഉന്നതധികാര സമിതി സർക്കാരിനോട് ശിപാർശ ചെയ്തു.

കോവിഡ് വാക്സിൻ വിതരണ സംവിധാനം, വിവരങ്ങൾ അപ്‍ലോഡ് ചെയ്യൽ, വാക്സിനുകൾ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ, വാക്സിൻ കുത്തി വെക്കുന്നതിനുള്ള പരിശീലനം, ബ്ലോക്ക്-ജില്ല-സംസ്ഥാനതല യോഗങ്ങളിലെ റിപ്പോർട്ടിങ്, അവലോകനം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മോക്ഡ്രില്ലിൽ നടക്കുക. മോക്ഡ്രിൽ പൂർത്തിയാകുന്നതോടെ വാക്‌സിൻ വിതരണത്തിന് രാജ്യം ഒരുങ്ങും.

അതേസമയം കോവാക്‌സിൻ ഇന്ത്യയിൽ അടിയന്തിരമായി ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ്സ് കൺട്രോൾ ഓർഗനൈസേഷൻ ശുപാർശ ചെയ്തു. ഇക്കാര്യം പരിഗണിച്ചു ഔദ്യോഗിക പ്രഖ്യാപനം സർക്കാർ നടത്തിയേക്കും.

ഓസ്‌ഫർഡ് യൂണിവേഴ്സിറ്റിയും അസ്ട്രാ സെനക്കയും ചേർന്നു വികസിപ്പിച്ച കോവി ഷീൽഡ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയിൽ ഉത്പാദനം നടത്തുന്നത്. സാധാരണ ഫ്രിഡ്ജിന്‍റെ അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കാവുന്ന വാക്‌സിൻ ആണ് കോവിഷീൽഡ് എന്നത് ഇന്ത്യയെ സംബന്ധിച്ച് സംഭരിക്കാൻ എളുപ്പമാകും. മറ്റ് വാക്‌സിനുകളെ അപേക്ഷിച്ചു വിലയും കുറവാണ്. ഇത് പരിഗണിച്ചാണ് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ്സ് കൺട്രോൾ ഓർഗനൈസേഷന്‍റെ ശുപാർശ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *