തിരുവനന്തപുരം: വരുമാനം വെളിപ്പെടുത്താത്ത എംഎല്‍എമാരുടെ എണ്ണത്തില്‍ രാജ്യത്ത് കേരളമാണ് മുന്നിലെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ 84 എംഎല്‍എമാരാണ് വാര്‍ഷിക വരുമാനം വെളിപ്പെടുത്താത്തത്. അസോസിയേഷന്‍ ഫോര്‍ ഡെമൊക്രോട്ടിക് റിഫോംസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. വരുമാനം വെളിപ്പെടുത്തിയ കേരളത്തിലെ 56 എംഎല്‍എമാരുടെ ശരാശരി വാര്‍ഷിക വരുമാനം ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ്.
രാജ്യത്ത് ആകെയുള്ള 4086 എംഎല്‍എമാരില്‍ 941 പേര്‍ ഇതുവരെ വാര്‍ഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ല. വരുമാനം വെളിപ്പെടുത്താത്തവരുടെ കൂട്ടത്തില്‍ കേരളമാണ് ഏറ്റവും മുന്നില്‍. കേരളത്തിലെ 84 അംഗങ്ങള്‍ വരുമാനം വെളുപ്പെടുത്തിയിട്ടില്ലെന്ന് എഡിആറിന്റെ റിപ്പോര്‍ട്ടിലുണ്ട്. ബാക്കി 56 എംഎല്‍എമാരുടെ ആകെ വാര്‍ഷിക വരുമാനം പതിനാലു കോടി രൂപയാണ്. ഇവരുടെ ശരാശരിയെടുത്താല്‍ 25 ലക്ഷം രൂപയും. ധനികരായ എംഎല്‍എമാരുടെ കൂട്ടത്തില്‍ പന്ത്രണ്ടാം സ്ഥാനത്ത് കേരളത്തില്‍ നിന്ന് കെ.മുരളീധരനുണ്ട്. ഏഴരക്കോടിയാണ് മുരളീധരന്റെ വാര്‍ഷിക വരുമാനം.

157 കോടിയുടെ വരുമാനവുമായി കര്‍ണാടകയിലെ എം.നാഗരാജു ആണ് ധനികരിലെ ഒന്നാമന്‍. ആയിരത്തിനാലു രൂപ മാത്രം വരുമാനമുള്ള ആന്ധ്രയിലെ ടി.ഡി.പി അംഗം യാമിനി ബാലയാണ് പാവപ്പെട്ട എം.എല്‍.എമാരുടെ കൂട്ടത്തില്‍ ഒന്നാമത്. 41,000 രൂപ മാത്രം വാര്‍ഷിക വരുമാനമുള്ള വി.എസ്.അച്യുതാനന്ദന്‍ ഈ പട്ടികയില്‍ പത്താം സ്ഥാനത്തുണ്ട്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കാണ് വരുമാനം അധികമുള്ളതെന്നതും ശ്രദ്ധേയമാണ്. എട്ടാം ക്‌ളാസില്‍ താഴെ വിദ്യാഭ്യാസമുള്ള 139 എം.എല്‍.എമാരുടെ ശരാശരി വരുമാനം 90 ലക്ഷം രൂപയാണ്. ബിരുദവും ബിരുദാന്തരബിരുദവുമുള്ള രണ്ടായിരത്തോളം എം.എല്‍.എമാരുടെ ശരാശരി വരുമാനം 21 ലക്ഷം രൂപയും.













