വരാപ്പുഴ കസ്റ്റഡി മരണം: അഞ്ചാം പ്രതി സിഐ ക്രിസ്പിന് ജാമ്യം


കൊച്ചി: വരാപ്പുഴ ദേവസ്വംപാടത്ത് ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തിലെ അഞ്ചാം പ്രതി പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.


നിലവില്‍ സിഐ കൊലക്കുറ്റത്തില്‍ പങ്കാളിയല്ലെന്ന് അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു. പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന മറ്റ് വകുപ്പുകള്‍ നിലനില്‍ക്കുമോ എന്ന് കോടതി ആരാഞ്ഞു. നിലനില്‍ക്കുമെന്ന മറുപടിയാണ് അന്വേഷണസംഘം നല്‍കിയത്.


മെയ് ഒന്നിനാണ് ക്രിസ്പിന്‍ സാമിനെ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമയ്ക്കല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ക്രിസ്പിനെ അറസ്റ്റ് ചെയ്തത്. സിഐയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല.

അതേസമയം, കേസില്‍ ആലുവ ഡിവൈഎസ്പി പ്രഫുല്‍ ചന്ദ്രന്‍, മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജ് എന്നിവരെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് എസ്പിയുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന് സിഐ ക്രിസ്പിന്‍ കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എവി ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്.



Sharing is Caring