വയനാട് ഭൂമി തട്ടിപ്പ്: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു


തിരുവനന്തപുരം: വയനാട് മിച്ചഭൂമി തട്ടിപ്പില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ അന്വേഷണം പ്രഖ്യാപിക്കുന്നതായി അറിയിച്ചത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറയ്ക്കാനില്ല. അഴിമതി സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല. സര്‍ക്കാര്‍ തലത്തിലോ മന്ത്രി തലത്തിലോ അഴിമതി നടന്നിട്ടില്ല. സര്‍ക്കാരില്‍ രണ്ടു തരം ഉദ്യോഗസ്ഥരുണ്ട്. അവരില്‍ ചിലര്‍ കൈക്കൂലികാരനാണ്. ഭൂരിപക്ഷവും നല്ലരീതിയില്‍ ജോലി ചെയ്യുന്നരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


വയനാട് ഡെപ്യൂട്ടി കലക്ടര്‍ ടി.സോമനാഥനും സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറിയം വിജയന്‍ ചെറുകര ഉള്‍പ്പെടുന്ന സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് മാധ്യമറിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്നലെ ഭൂമി തട്ടിപ്പ് വിവരം പുറത്തുവന്നയുടന്‍ വയനാട് ഡെപ്യൂട്ടി കലക്ടറെ സസ്‌പെന്റു ചെയ്തിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ മിച്ചഭൂമി മറിച്ചുനില്‍ക്കാനുള്ള ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബിയുടെ നീക്കമാണ് പുറത്തുവന്നത്.


അതേസമയം, വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നും വി.ഡി സതീശന്‍ ഇന്ന് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. വിഷയം പരിഗണിക്കുന്നതിനെതിരെ സി.പി.ഐയിലെ സി.ദിവാകരന്‍ ക്രമപ്രശ്‌നം ഉന്നയിച്ചുവെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല.



Sharing is Caring