പേരിയ അയനിക്കലില്‍ മാവോയിസ്റ്റുകള്‍ എത്തി. മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഒന്‍പതംഗം സായുധ സംഘമാണ് കഴിഞ്ഞ രാത്രി എത്തിയത്. പ്രദേശത്തു സിപിഐ (മാവോയിസ്റ്റ്) കബനി ദളത്തിന്റെ പേരിലുള്ള പോസ്റ്ററുകള്‍ പതിച്ച സംഘം ലഘുലേഖകളും വിതരണം ചെയ്തു. അയനിക്കലിലെ ഒരു കടയില്‍നിന്നു നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിയാണ് സംഘം മടങ്ങിയത്. 1,200 രൂപയുടെ സാധനങ്ങളാണ് വാങ്ങിയതെന്നു കടയുടമ പറഞ്ഞു.
ജാതി വിവേചനവും സങ്കുചിത ദേശാഭിമാന വെറിയും സാമ്രാജ്യത്ത ദാസ്യവുമാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ മുഖമുദ്രയെന്നും ഫാസിസത്തിന്റെ സര്‍വനാശം പുത്തന്‍ ജനാധിപത്യ വിപ്ലവത്തിലൂടെയാണെന്നും പോസ്റ്ററുകളിലുണ്ട്. ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസത്തെ കുഴിച്ചു മൂടാനും മാവോയിസ്റ്റ് വിപ്ലവ ബദലിനായി പോരാടാനും പോസ്റ്ററിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. ജനുവരി ഒന്നിന് നടക്കാന്‍ പോകുന്ന വനിതാ മതിലിനെതിരെയും വിമര്‍ശനമുണ്ട്.

ഈ വര്‍ഷം വയനാട് ജില്ലയില്‍ നിരവധി തവണ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ജൂലൈ 20ന് മേപ്പാടിയില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ തടഞ്ഞുവയ്ക്കുകയും സെപ്റ്റംബര്‍ 26ന് പൂക്കോട് വെറ്ററിനറി കോളജ് പരിസരത്തും മാവോയിസ്റ്റുകള്‍ എത്തുകയും ചെയ്തിരുന്നു.
തുടര്‍ച്ചയായി മാവോയിസ്റ്റ് സാന്നിധ്യം വയനാട്ടില്‍ ദൃശ്യമായിട്ടും പോലീസും തണ്ടര്‍ബോള്‍ട്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.













