റോം: ക്രിസ്മസ് രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കിടെ മാര്‍പ്പാപ്പയില്‍ നിന്ന് ഉണ്ണിയേശുവിനെ ഏറ്റുവാങ്ങാനുള്ള അസുലഭ നിയോഗത്തില്‍ കൃതാര്‍ഥനായി അനുരാജ്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ക്രിസ്മസ് ദിനത്തില്‍ നടന്ന പാതിരാകുര്‍ബാന മധ്യേയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിച്ച ഉണ്ണിയേശുവിനെ ഏറ്റുവാങ്ങി പുല്‍ക്കൂട്ടില്‍ പ്രതിഷ്ഠിക്കാനുള്ള അപൂര്‍വ ഭാഗ്യത്തിന് ഡീക്കന്‍ അനുരാജ് ഉടമയായത്.
വിശ്വാസികള്‍ തിങ്ങി നിറഞ്ഞ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ അള്‍ത്താരക്ക് മുന്നില്‍ നിര്‍മ്മിച്ചിരുന്ന പുല്‍ക്കൂട്ടിനുള്ളിലാണ് ഫ്രാന്‍സിസ് പാപ്പ ചുംബനം നല്‍കിയ ശേഷം കൈമാറിയ ഉണ്ണിയേശുവിനെ അനുരാജ് പ്രതിഷ്ഠിച്ചത്.
വൈദിക വിദ്യാര്‍ത്ഥിയും നെയ്യാറ്റിന്‍കര രൂപതയിലെ വ്‌ളാത്താങ്കര സ്വര്‍ഗാരോഹിത മാതാ ദേവാലയ അംഗവുമായ അനുരാജ് കഴിഞ്ഞ അഞ്ചു വര്‍ഷമായി റോമില്‍ ഉപരിപഠനം നടത്തുകയാണ്. നിലവില്‍ മോറല്‍ തിയോളജിയില്‍ രണ്ടു വര്‍ഷമായി ലൈസന്‍ഷ്യേറ്റ് ചെയ്തു വരികയാണ് ഡീക്കന്‍ അനുരാജ്.

കര്‍ദിനാളന്‍കാരുടെയും മെത്രാന്മാരുടെയും ആയിരക്കണക്കിന് വിശ്വാസികളുടെയും സാന്നിധ്യത്തിലാണ് ക്രിസ്മസ് ദിനത്തില്‍ അനുരാജിന് തിരുക്കര്‍മങ്ങളില്‍ പങ്കാളിയാകാനുള്ള അവസരം ലഭിച്ചത്.













