വനിതാ മതില്‍ ചരിത്ര സംഭവമാക്കിയ കേരളത്തിലെ സ്ത്രീസമൂഹത്തിന് അഭിവാദ്യങ്ങള്‍: മുഖ്യമന്ത്രി


തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സര്‍ക്കാരിന്‍റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടേയും വിവിധ സംഘടനകളുടേയും പിന്തുണയോടെ സംഘടിപ്പിച്ച വനിതാ മതിലില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ അണിചേര്‍ന്നു. രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക പ്രവ‍ര്‍ത്തകരും ഉള്‍പ്പെടെ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള ലക്ഷക്കണക്കിന് സ്ത്രീകള്‍ വനിതാ മതിലിന്‍റെ ഭാഗമായി.


സര്‍ക്കാരും മതിലില്‍ പങ്കാളികളായ മറ്റു സംഘടനകളും കഴിഞ്ഞ ഒരുമാസം മുഴുവന്‍ സംഘാടനശേഷിയും പുറത്തെടുത്തപ്പോള്‍ വനിതാ മതിലില്‍ പങ്കാളികളായത് ലക്ഷക്കണക്കിന് സ്ത്രീകളായിരുന്നു. വീട്ടമ്മമാരും വിദ്യാര്‍ത്ഥിനികളും തൊഴിലാളികളും പ്രൊഫഷണലുകളും അടക്കം എല്ലാ വിഭാഗം സ്ത്രീകളുടേയും പങ്കാളിത്തം സംഘടനകള്‍ ഉറപ്പാക്കി.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് പരിപാടിക്ക് തുടക്കമായത്. കാസര്‍കോട് മന്ത്രി കെ.കെ.ഷൈലജ വനിതാമതിലിന്‍റെ ആദ്യ പങ്കാളിയായി. തിരുവനന്തപുരം വെള്ളയമ്ബലത്ത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് അവസാന അംഗമായി.


നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിപ്പിച്ച വനിതാ മതില്‍ വിസ്മയിപ്പിക്കുന്ന പങ്കാളിത്തം കൊണ്ട് ചരിത്ര സംഭവമാക്കിയ കേരളത്തിലെ സ്ത്രീസമൂഹത്തെ അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യം ഒരു മാസം കൊണ്ടാണ് 620 കിലോ മീറ്റര്‍ ദൂരം സ്ത്രീകളുടെ വന്‍മതില്‍ തീര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തിയത്. ചരിത്ര വിജയമാണിത്. വനിതാമതില്‍ സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റമാക്കുന്നതിനു പിന്തുണ നല്‍കിയ സാമൂഹികരാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

സത്രീകള്‍ക്കു ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും ലിംഗനീതി നിഷേധിക്കാനുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകള്‍ നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റമായി വനിതാമതില്‍ മാറി. നവോത്ഥാന മൂല്യങ്ങളും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതികവര്‍ഗീയ ശക്തികള്‍ക്കു വലിയൊരു താക്കീതാണു പരിപാടി. കേരളത്തിലെ സ്ത്രീസമൂഹം പുരോഗമന ചിന്തയ്‌ക്കൊപ്പമാണെന്നതിന്റെ മഹാവിളംബരമായി വനിതാമതില്‍ മാറി. ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റമാണിത്.

എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ സ്ത്രീസമൂഹം ഒന്നാകെ വനിതാ മതിലിനൊപ്പം നിന്നു. എതിര്‍പ്പുകളെയും അപവാദങ്ങളെയും അവഗണിച്ചു വനിതാമതിലില്‍ അണിചേര്‍ന്ന സ്ത്രീസമൂഹം കേരളത്തിന്‍റെ അന്തസ്സും അഭിമാനവും ഉയര്‍ത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.



Sharing is Caring