കരുളായി വനത്തില്‍ തമ്ബടിച്ചിരുന്ന മാവോയിസ്റ്റുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയൊരുക്കിയതിന്റെ തെളിവു ലഭിച്ചതായി വെളിപ്പെടുത്തല്‍. വെടിവയ്പുനടന്ന വരയന്മലയുടെ താഴ്വാരത്തെ മാവോയിസ്റ്റുകളുടെ ടെന്റുകളില്‍നിന്നു കണ്ടെത്തിയ രേഖകള്‍ പരിശോധിച്ചതില്‍നിന്നാണു തെളിവു ലഭിച്ചത്. നിലമ്ബൂരിലെ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കാനായിരുന്നു ഇവരുടെ പദ്ധതി.
ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട വരയന്മലയുടെ താഴ്വാരത്ത് ആയുധമേന്തിയ മാവോയിസ്റ്റുകള്‍ മുദ്രാവാക്യം മുഴക്കുന്ന വിഡിയോ ദൃശ്യവും പൊലീസിന് ലഭിച്ചു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് ലഭിച്ച പെന്‍ഡ്രൈവിലാണ് ഈ വിഡിയോയുള്ളത്.
മാവോയിസ്റ്റുകള്‍ പൊലീസിനു നേരെ ആക്രമണത്തിനു പദ്ധതിയൊരുക്കിയതിന്റെ തെളിവു ലഭിച്ചതായി പൊലീസ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. പൊലീസിനെ ശത്രുവെന്നാണു ഈ രേഖകളില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ശത്രുവിനുമേല്‍ ഓരോ ഘട്ടത്തിലും എങ്ങനെയായിരിക്കണം മുന്നേറ്റം നടത്തേണ്ടതെന്നു രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ആവശ്യമായ പരിശീലനം നേടണമെന്നും ഒടുവിലെ വരിയില്‍ പറയുന്നുണ്ട്. സ്ഫോടകവസ്തു നിര്‍മാണത്തെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും എഴുതിയ രേഖകളും കണ്ടെടുത്തു. പ്രഭാതകൃത്യം നിര്‍വഹിച്ചു പിന്നീടുചെയ്യേണ്ട ഒരോ കാര്യങ്ങളെ കുറിച്ചുമുള്ള നിര്‍ദേശങ്ങള്‍ എഴുതിവച്ചിട്ടുണ്ട്.
അതില്‍ രണ്ടുമണിക്കൂര്‍ വീതം ആയുധപരിശീലനവും ക്ലാസുമുണ്ട്. കൂടുതലും ഹിന്ദിയില്‍ എഴുതിയ രേഖകളാണ്. വെടിയ്പില്‍ മരിച്ച മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായ കുപ്പുദേവരാജാണ് ഹിന്ദിയില്‍ രേഖകള്‍ എഴുതിയതെന്നാണു പൊലീസിന്റെ നിഗമനം.














