ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ഇന്ന് കൊടിയേറ്റം


ലോകം കണ്ട എക്കാലത്തെയെും മികച്ച സ്പ്രിന്ററായ ഉസൈന്‍ ബോള്‍ട്ടിന്റെ വിടവാങ്ങലിന് സാക്ഷ്യം വഹിക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ ഷിപ്പിന് ഇന്ന് തീരശീല ഉയരും. ലോകത്തെ മഹാരഥന്മാര്‍ മാറ്റുരയ്ക്കുന്ന മഹാമേള 13 വരെ നീണ്ടു നില്‍ക്കും.25 അംഗ ഇന്ത്യന്‍ ടീമും ലണ്ടന്‍ മേളയയില്‍ മത്സരിക്കും.


ലണ്ടന്‍ ലോകചാമ്പ്യന്‍ഷിപ്പോടെ അരങ്ങൊഴിയുമെന്ന് പ്രഖ്യാപിച്ച ബോള്‍ട്ട് ഇന്ന് നൂറ് മീറ്ററിന്റെ യോഗ്യതാ റൗണ്ടില്‍ മത്സരിക്കും. നാളെയാണ് നൂറിന്റെ ഫൈനല്‍. നിലവില്‍ 100, 200 മീറ്ററുകളില്‍ ലോക ചാമ്പ്യനാണ് ബോള്‍ട്ട്. കഴിഞ്ഞ രണ്ട് ചാമ്പ്യന്‍ഷിപ്പുകളിലും ഈ ഇനങ്ങളില്‍ ജേതാവാണീ ജമൈക്കന്‍ താരം. ഇത്തവണ നൂറിന് പുറമെ 4-100 മീറ്റര്‍ റിലേയിലും മാത്രമെ മത്‌സരിക്കുന്നൊളളൂ. 200 മീറ്ററില്‍ മത്സരിക്കുന്നില്ല.


ആദ്യ ദിനമായി ഇന്ന് ഹീറ്റ്‌സുകള്‍ക്ക് പുറമെ ഒരു ഫൈനല്‍ മാത്രമെ അരങ്ങേറൂ. പതിനായിരം മീറ്ററിലെ ജേതാവിനെ ഇന്ന് നിശ്ചയിക്കും. 10000, 5000 മീറ്ററുകളില്‍ നാലുതവണ ഇരട്ട കിരീടമണിഞ്ഞ ബ്രിട്ടന്റെ ഫറയ്ക്കാണ് പതിനായിരത്തില്‍ മെഡല്‍ സാധ്യത. 2012,2016 ഒളിമ്പിക്‌സുകളിലും 2013,2015 ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഫറ ഈ രണ്ട് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയിരുന്നു.

2011 നുശേഷം ലോക മീറ്റിന്റെ ഫൈനലുകളില്‍ തോല്‍വിയറിയാതെ മുന്നേറുകയാണ് ഫറ.
ലോറ മൂയിര്‍ (1500 മീ, 5000മീ), കാതറീന ജോണ്‍സണ്‍ തോംസണ്‍ (ഹെപ്റ്റാത്തലണ്‍ ) , ആന്‍ഡ്രൂ പോസി (110 മീ ഹര്‍ഡില്‍സ്), സോഫീ ഹിച്ചോണ്‍ (ഹാമര്‍), ടോം ബോസ്‌വര്‍ത്ത് ( നടത്തം) എന്നിവരും ആതിഥേയരായ ഇംഗ്ലണ്ടിന്റെ മെഡല്‍ പ്രതീക്ഷകളാണ്.

ബോള്‍ട്ടിന്റെ അഭാവത്തില്‍ 200 മീറ്ററില്‍ സ്വര്‍ണംപിടക്കാന്‍ ഏറെ സാധ്യതയുളള താരം ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാന്‍ നിക്കെര്‍ക്കാണ്. നാനൂറ് മീറ്ററിലെ ലോക ചാമ്പ്യന്‍ കൂടിയാണ്. റിയോ ഒളിമ്പിക്‌സില്‍ മൈക്കിള്‍ ജോണ്‍സണിന്റെ 17 വര്‍ഷം പഴക്കമുളള റെക്കോര്‍ഡ് തകര്‍ത്താണ് നാനൂറ് മീറ്ററില്‍ സ്വര്‍ണം നേടിയത്. ബോള്‍ട്ട് അരങ്ങൊഴിയുന്ന വേദിയില്‍ നിക്കെര്‍ക്ക് താരോദയം പ്രതീക്ഷിക്കാം. 200,400 മീറ്ററുകളില്‍ സുവര്‍ണമോഹവുമായാണ് ഈ 25 കാരന്‍ മത്സരിക്കുന്നത്.

ലോങ് ജമ്പില്‍ മൈക്ക് പവലിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്കയുടെ ലുവോ മനിയോംഗ. റിയോയില്‍ വെളളി മെഡല്‍ നേടിയ ലുവോ ഒമ്പതു മീറ്റര്‍ ദൂരം താണ്ടാന്‍ കഴിയുന്ന താരമാണ്.ഇന്ത്യയുടെ 25 അംഗ ടീമം മത്സരിക്കുന്നുണ്ടെങ്കിലും ജാവലില്‍ ത്രോയര്‍ നീരജ് ചോപ്രയ്ക്ക് മാത്രമാണ് മെഡല്‍ സാധ്യത കല്‍പ്പിക്കുന്നത്.
ആഗസ്റ്റ് 10 ന് ജാവലില്‍ ത്രോയുടെ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും.12 നാണ് ഫൈനല്‍.1983 ലെ ആദ്യ ചാമ്പ്യന്‍ഷിപ്പുമുതല്‍ എല്ലാ ലോക മീറ്റിലും ഇന്ത്യ മത്സരിക്കുന്നുണ്ട്. എന്നാല്‍ 2003ലെ പാരീസ് മീറ്റല്‍ മാത്രമാണ് മെഡല്‍ നേടാനായത്.അന്ന് മലയാളിയായ അഞ്ജു ബോബി ജോര്‍ജ് ലോങ്ങ് ജമ്പില്‍ വെങ്കലം നേടിയതാണ് ഇന്ത്യയുടെ ആകെയുളള നേട്ടം.



Sharing is Caring