ലോകകപ്പ് യോഗ്യതക്കുള്ള സൂപ്പര്‍ സിക്‌സ് റൗണ്ടില്‍ ഒമാൻ ഇന്നിറങ്ങും


ലോകകപ്പ് യോഗ്യതക്കുള്ള സൂപ്പര്‍ സിക്‌സ് റൗണ്ടില്‍ ആശ്വാസ ജയം തേടി ഒമാൻ ഇന്നിറങ്ങും. അവസാന മത്സരത്തില്‍ വെസ്റ്റിൻഡീസാണ് എതിരാളികള്‍.ഒമാൻ സമയം രാവിലെ 11ന് ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലാണ് മത്സരം. ഇരുടീമുകളും ലോകകപ്പ് യോഗ്യത നേടാതെ പുറത്തായതിനാല്‍ ഇന്നത്തെ മത്സരഫലം ഒരു സ്വാധീനവും ചെലുത്തില്ല. ജയത്തോടെ ടൂര്‍ണമെന്‍റിനോട് വിടപറയാനാകും ഒമാൻ ശ്രമിക്കുക.


സൂപ്പര്‍ സിക്സിലെ ആദ്യ രണ്ടു മത്സരത്തിലും ഒമാൻ തോറ്റിരുന്നു. സിംബാബ്‍വെയോട് 14 റണ്‍സിനും നെതര്‍ലൻഡ്സിനോട് 74 റണ്‍സിനുമാണ് അടിയറവു പറഞ്ഞത്. ഇതാണ് ഒമാന്‍റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായത്. ബൗളര്‍മാരും ബാറ്റര്‍മാരും മികച്ച ഫോമിലാണെങ്കിലും നിര്‍ണായക മത്സരത്തില്‍ അവസരത്തിനൊത്ത് ഉയരാത്തതാണ് സുല്‍ത്താനേറ്റിന് തിരിച്ചടിയായത്.


മികച്ച തുടക്കം കിട്ടിയ മത്സരത്തില്‍പോലും നല്ല കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താൻ ബാറ്റര്‍മാര്‍ക്ക് കഴിയാത്തത് വിനയായി. ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ധാരാളിത്തം കാണിച്ചതും ഒമാന്‍റെ പ്രകടനത്തെ ബാധിച്ചു. ഇന്നത്തെ മത്സരത്തില്‍ മുതിര്‍ന്ന കളിക്കാര്‍ക്ക് വിശ്രമം നല്‍കി പുതുമുഖങ്ങളെ പരീക്ഷിക്കാൻ കോച്ച്‌ ദുലീപ് മെന്‍ഡിസ് മുതിര്‍ന്നേക്കും.



Sharing is Caring