ലൈംഗിക പീഡനക്കേസ്: ബി.ജെ.പി നേതാവ് സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍


ന്യൂഡല്‍ഹി: തന്നെ ലൈംഗികമായി പീഡിപ്പിച്ച്‌ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന നിയമ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭയില്‍ അംഗമായിരുന്നു ചിന്മയാനന്ദ്. അറസ്‌റ്റ് രേഖപ്പെടുത്തിയ ചിന്മയാനന്ദിനെ മെഡ‌ിക്കല്‍ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.


ചിന്മയാനന്ദ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച്‌ ആഗസ്റ്റ് 23നാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ പെണ്‍കുട്ടി ആദ്യമായി ആരോപണമുന്നയിച്ചത്. പിന്നീട് കാണാതായ പെണ്‍കുട്ടിയെ രാജസ്ഥാനില്‍ നിന്നാണ് കണ്ടെത്തിയത്. ആഗസ്റ്റ് 27ന് യു.പി പൊലീസ് ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ചിന്മയാനന്ദിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വിഷയത്തില്‍ ഇടപെട്ട സുപ്രീംകോടതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഐ.ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ യു.പി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ പ്രത്യേക അന്വേഷണ സംഘം നിരവധി തവണ ചിന്മയാനന്ദിന്റെ ആശ്രമത്തിലെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താന്‍ ആയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ ആരോപണവുമായി രംഗത്ത് വന്നതിനിടെയാണ് നാടകീയമായി ചിന്മയാനന്ദിനെ പൊലീസ് പിടികൂടിയത്.




Sharing is Caring