ലൈംഗികാതിക്രമക്കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അതിജീവിതയെ സ്വാധീനിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ആണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീലിലാണ് നടപടി. പരാതിക്കാരിയുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നും പരാതിക്കാരി നിലപാടെടുത്തു.

ഹണിട്രാപ് നടത്തി പണം തട്ടാന്‍ ശ്രമിച്ചതിന് യുവതിക്കും ഭര്‍ത്താവിനും എതിരെ വേണു ഗോപാലകൃഷ്ണന്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പീഡന പരാതി ഉയര്‍ന്നത് എന്നായിരുന്നു വേണു ഗോപാലകൃഷ്ണന്റെ വാദം. കൊച്ചിയിലെ ലിറ്റ്മസ് സെവന്‍ എന്ന ഐടി സ്ഥാപനത്തിന്റെ സിഇഒ ആണ് വേണു ഗോപാലകൃഷ്ണന്‍.













