തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി ലതിക സുഭാഷിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ചുമതല നല്‍കിയത്. ന്യൂഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി നടന്ന അഭിമുഖത്തിന് ശേഷമാണ് ലതികയ്ക്ക് ചുമതല ലഭിച്ചത്.
നിലവിലെ സംസ്ഥാന അധ്യക്ഷയായ ബിന്ദു കൃഷ്ണ കൊല്ലം ഡിസിസി പ്രസിഡന്റ് ആയതോടെയാണ് ലതികാ സുഭാഷ് അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത്.
സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍ ദ്വിവേദിയാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ഇതോടെ ഐ ഗ്രൂപ്പിന്റെ കൈവശമിരുന്ന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് ലഭിച്ചു.

കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയാണ് ലതിക സുഭാഷ്. കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളില്‍ ശ്രദ്ധേയമായ വ്യക്തിത്വമാണ് ലതിക സുഭാഷിന്റെത്. കഴിഞ്ഞ തവണ കോട്ടയം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ലതിക സുഭാഷിനെ പരിഗണിച്ചിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു ലതിക സുഭാഷ്. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്.













