ലഡാക്കില്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ചൈനയുടെ ശ്രമം, യുദ്ധവിമാനമയച്ച് തുരത്തി വ്യോമസേന

ന്യൂഡൽഹി: ഇന്ത്യാ- ചൈന നിയന്ത്രണരേഖ മറികടക്കാനുള്ള ചൈനീസ് ശ്രമം പരാജയപ്പെടുത്തി വ്യോമസേന. ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയുടെ പ്രദേശത്തേക്ക് വന്ന ചൈനീസ് ഹെലികോപ്റ്ററിനെ വ്യോമസേന യുദ്ധവിമാനമയച്ച് തുരത്തി.
ചൈനീസ് ഹെലികോപ്റ്റർ നിയന്ത്രണരേഖയ്ക്ക് സമീപത്തേക്ക് വരുന്നത് ശ്രദ്ധയിൽ പെട്ടതോടെ വ്യോമസേനാ യുദ്ധവിമാനം അവിടേക്ക് പാഞ്ഞെത്തിയെന്നും ചൈനീസ് ഹെലികോപ്റ്റർ ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ചില്ലെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്.

വർഷങ്ങൾക്കിടെ ഇതാദ്യമായാണ് ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിക്കാനുള്ള ചൈനയുടെ ശ്രമം യുദ്ധവിമാനം ഉപയോഗിച്ച് ഇന്ത്യ തടയുന്നത്. സിക്കിമിലെ നാഥുലാ പാസിൽ ഇരുരാജ്യങ്ങളിലെയും സൈനികർ പരസ്പരം ഏറ്റുമുട്ടിയ വാർത്ത ദിവസങ്ങൾക്ക് മുമ്പാണ് പുറത്തുവന്നത്. സംഭവത്തിൽ 10 സൈനികർക്ക് പരിക്കേറ്റുവെന്ന വാർത്തയും പുറത്തുവന്നിരുന്നു.

മെയ് അഞ്ചിന് ലഡാക്കിലെ പാങ്ങോങ് തടാകത്തിൽ അതിർത്തി ലംഘനത്തിന് ചൈന ശ്രമം നടത്തിയിരുന്നു. ഇരു സേനകളും മുഖാമുഖം നിന്നതോടെ അടുത്ത ദിവസം നടന്ന സൈനികോദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചയിലാണ് ഈ സംഘർഷം അവസാനിച്ചത്. ഇരുഭാഗത്തുനിന്നുമായി 200 പേരാണ് മുഖാമുഖം നിന്നത്. പരസ്പരം ചെറിയതോതിലുള്ള ഏറ്റമുട്ടൽ നടന്നുവെന്നാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *