നിലപാട് മാറ്റി പികെ ശശി; യെച്ചൂരിയും കോടിയേരിയും പരാതിയുണ്ടെന്ന് പറഞ്ഞാല്‍ അതാണ് ശരിയെന്ന് എംഎല്‍എ; ശശിക്കെതിരായ പരാതിയില്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കുമെന്ന് സിപിഐഎം


ഷൊര്‍ണൂര്‍: നിലപാട് മാറ്റി ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശി. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പാര്‍ട്ടി സംസ്ഥാ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരാതിയുണ്ടെന്ന് പറഞ്ഞാല്‍ അതാണ് ശരിയെന്ന് പി.കെ.ശശി പറഞ്ഞു. വിവരദോഷിയെന്ന് വിളിച്ചത് സിപിഐഎമ്മിലുള്ള ആരെയുമല്ലെന്നും ശശി പറഞ്ഞു. പാര്‍ട്ടി പറയുന്നതാണ് പൂര്‍ണമായും ശരിയെന്നും പി.കെ.ശശി കൂട്ടിച്ചേര്‍ത്തു.


പരാതിയൊന്നുമില്ലാതെയാണ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നതെന്നായിരുന്നു നേരത്തെ പി.കെ.ശശി പറഞ്ഞത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണ്. തെറ്റ് ചെയ്തിട്ടില്ല. പാര്‍ട്ടിക്ക് അകത്തുള്ള കാര്യങ്ങള്‍ പുറത്തു പറയില്ല.ചില വിവരദോഷികള്‍ പുറത്ത് പറഞ്ഞേക്കാം. അന്വേഷണത്തെ നേരിടാന്‍ കമ്മ്യൂണിസ്റ്റ് ശക്തിയുണ്ട്. ഏത് നടപടിയും സ്വീകരിക്കാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്കുണ്ട്. അച്ചടക്ക നടപടിയുണ്ടായാല്‍ സ്വീകരിക്കുമെന്നുമായിരുന്നു പി.കെ.ശശി പറഞ്ഞത്.


പരാതി കൈകാര്യം ചെയ്യാനുള്ള സംവിധാനം പാര്‍ട്ടിക്കുണ്ട്. ഇത് രാഷ്ട്രീയമായ പരാതിയാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. താന്‍ തെറ്റായ രീതിയില്‍ സഞ്ചരിച്ചിട്ടില്ലെന്നും പി.കെ.ശശി പറഞ്ഞു. തെറ്റ് പാര്‍ട്ടി ചൂണ്ടിക്കാട്ടിയാല്‍ ഏത് നടപടിയും നേരിടാന്‍ തയ്യാറാണ്. പരാതിയുടെ പകര്‍പ്പ് മാധ്യമങ്ങളുടെ കൈയിലുണ്ടോയെന്നും പി.കെ.ശശി ചോദിച്ചിരുന്നു.

അതേസമയം പി.കെ.ശശിക്കെതിരായ പരാതിയില്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കും. അന്വേഷണ റിപ്പോര്‍ട്ട് അടുത്ത സംസ്ഥാന കമ്മിറ്റിക്ക് മുമ്പെന്ന് സിപിഐഎം അറിയിച്ചു. തെറ്റ് ചെയ്താല്‍ സംരക്ഷിക്കില്ലെന്ന് എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. സെപ്തംബര്‍ 31നും ഒക്ടോബര്‍ 1നും സംസ്ഥാന സമിതി വിളിച്ചു. ശശിക്കെതിരായ പരാതി അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്‌തേക്കും.



Sharing is Caring