റേഡിയോ ജോക്കിയുടെ കൊലപാതകം; ഖത്തറിലുള്ള നൃത്താധ്യാപികയെ നാട്ടിലെത്തിക്കും


തിരുവനന്തപുരം: മടവൂരില്‍ റേഡിയോ ജോക്കിയും യുവഗായകനുമായ രാജേഷിനെ ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി നൃത്താധ്യാപികയെ നാട്ടിലെത്തിക്കും. യുവതിയുടെ ഭര്‍ത്താവായ ഖത്തറിലെ വ്യവസായി നല്‍കിയ ക്വട്ടേഷനാണോ എന്ന സംശയത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഖത്തറിലുള്ള യുവതിയേയും ഭര്‍ത്താവിനെയും ആവശ്യമെന്ന് കണ്ടാല്‍ നാട്ടിലെത്തിക്കാന്‍ പോലീസ് ആലോചിച്ചുവരുന്നു.


ഖത്തറില്‍ റേഡിയോ ജോക്കിയായി ജോലിയില്‍ തുടരവേ അവിടെ വച്ച്‌ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയും നൃത്താദ്ധ്യാപികയുമായ യുവതിയാണ് രാജേഷിന് ചെന്നൈയിലെ സ്‌കൂളില്‍ ജോലി തരപ്പെടുത്തി നല്‍കിയെന്നാണ് പോലീസിന് ലഭിച്ച സൂചന. രാജേഷുമായുള്ള അടുപ്പം യുവതിയുടെ കുടുംബത്തില്‍ ദാമ്ബത്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നുവെന്നും സൂചനയുണ്ട്. ഇതേചൊല്ലി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ് യുവതി.


രാജേഷ് ജോലി മതിയാക്കി നാട്ടിലേക്ക് വന്നെങ്കിലും ഫോണിലൂടെയും വാട്ട്‌സ് ആപ് വഴിയും യുവതിയുമായി സൗഹൃദം തുടര്‍ന്നു. സാമ്ബത്തികമായി സഹായിച്ചിട്ടുള്ള യുവതി, രാജേഷിനെ നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും മാറ്റി നിര്‍ത്തുകയെന്ന ഉദ്ദേശത്തോടെയാണ് ചെന്നൈയില്‍ ജോലി തരപ്പെടുത്തി നല്‍കിയതെന്നും പറയപ്പെടുന്നു. യുവതിയുടെ സുഹൃത്ത് മുഖാന്തിരം സംഗീത അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് കൊല നടന്നത്.



Sharing is Caring