റഷ്യയില്‍ ഇന്ന് വേദികള്‍ മൂന്ന് മത്സരങ്ങള്‍; സുവാരസ്, സലാ, ക്രിസ്റ്റ്യാനോ കളത്തില്‍

മോസ്‌കോ: റഷ്യന്‍ ലോകകപ്പിന്റെ രണ്ടാം ദിനമായ ഇന്ന് മൂന്ന് മത്സരങ്ങള്‍ അരങ്ങേറും. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഈജിപ്ത് ഉറുഗ്വയേയും ഗ്രൂപ്പ് ബിയിലെ മത്സരങ്ങളില്‍ മൊറോക്കോ ഇറാനെയും സ്‌പെയിന്‍ പോര്‍ച്ചുഗലിനെയും നേരിടും.

ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയ്ക്ക് ഏകതറിന്‍ബര്‍ഗ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഈജിപ്തിന്റെ എതിരാളികള്‍ ഉറുഗ്വേയ് ആണ്. ഉറുഗ്വയുടെ സൂപ്പര്‍ താരം, വികൃതിപ്പയ്യന്‍ എന്ന വിളിപ്പേരുള്ള ലൂയി സുവാരസും വര്‍ത്തമാനകാല ഫുട്‌ബോളിലെ പ്രതിഭാധനന്‍ മുഹമ്മദ് സലയും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് മത്സരത്തിന്റെ പ്രത്യേകത.

ചാമ്ബ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ തോളിന് പരുക്കേറ്റ സല കളത്തിലിറങ്ങുമോ എന്ന കാര്യത്തില്‍ ആശങ്കകള്‍ നിലനിന്നിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഈജിപ്ത് കോച്ച്‌ ഹെക്ടര്‍ കൂപ്പറില്‍ നിന്ന് വന്നിരിക്കുന്നത്. ഇന്ന് സല കളിക്കുന്ന കാര്യം നൂറുശതമാനം ഉറപ്പാണ്. കൂപ്പര്‍ പറയുന്നു.ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഗ്രൂപ്പ് ബിയിലെ മൊറോക്കൊ ഇറാനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലാണ് മത്സരം.

മൂന്നാമത്തെ മത്സരത്തില്‍ ബി ഗ്രൂപ്പിലെ കരുത്തന്‍മാരായ സ്‌പെയിനും പോര്‍ച്ചുഗലും ഏറ്റുമുട്ടും. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലാണ് പോര്‍ച്ചുഗല്‍ തങ്ങളുടെ ആദ്യ ലോകകിരീടത്തിനായി ഇറങ്ങുന്നത്. ഇന്ത്യന്‍സമയം രാത്രി പതിനൊന്നരയ്ക്ക് സോച്ചി സ്റ്റേഡിയത്തിലാണ് മത്സരം. 2010 ലെ കിരീട ജേതാക്കളായ സ്‌പെയിന്‍ ആ നേട്ടം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് റഷ്യയിലെത്തിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *