റഫാല്‍ ഇടപാട്: എജിയെയും സിഎജിയെയും പിഎസിയിലേക്ക് വിളിച്ചു വരുത്താന്‍ നീക്കം


ന്യൂഡല്‍ഹി: റഫാല്‍ കേസുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറലിനെയും (എജി) കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെയും (സിഎജി) വിളിച്ചു വരുത്താന്‍ ഉദ്ദേശിക്കുന്നതായി പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് തിരുത്തല്‍ അപേക്ഷയുമായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.


എജിയെയും സിഎജിയെയും വിളിച്ചു വരുത്തണമെന്നു പിഎസിയിലെ അംഗങ്ങളോട് അഭ്യര്‍ഥിക്കുമെന്നാണു ഖര്‍ഗെ പറഞ്ഞത്. ആരെ വിളിച്ചു വരുത്തണമെന്നു പിഎഎസി അധ്യക്ഷന് ഏകപക്ഷീയമായി തീരുമാനിക്കാനാവില്ല. അതുകൊണ്ടാണ്, അംഗങ്ങളോട് അഭ്യര്‍ഥിക്കുമെന്ന ഖര്‍ഗെയുടെ നിലപാട്. റഫാല്‍ വിഷയത്തില്‍ സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ കോടതിയോട് സിഎജി എന്തെങ്കിലും പറഞ്ഞിട്ടില്ലെന്നും ഖര്‍ഗെയ്ക്ക് അറിയാം. എന്നിട്ടും വിളിച്ചു വരുത്തപ്പെടാവുന്നവരുടെ ഗണത്തില്‍ സിഎജിയെയും ഉള്‍പ്പെടുത്താന്‍ ഖര്‍ഗെ താല്‍പര്യപ്പെടുന്നുവെന്നതു ശ്രദ്ധേയമാണ്. റഫാല്‍ റിപ്പോര്‍ട്ട് വൈകിക്കരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പലതവണ സിഎജിയെ കണ്ടിരുന്നു.


കേസില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാരിനുവേണ്ടി വാദിച്ചത് എജിയാണ്. കോടതിക്കു സര്‍ക്കാര്‍ നല്‍കിയ രഹസ്യരേഖകളെക്കുറിച്ച്‌ എജിക്കു ധാരണയുണ്ടാവുക സ്വാഭാവികം. അപ്പോള്‍, ഇല്ലാത്ത സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച്‌ കോടതിവിധിയില്‍ പരാമര്‍ശമുണ്ടായതു വിശദീകരിക്കാന്‍ എജിയോടു പിഎസിക്ക് ആവശ്യപ്പെടാനാവും.



Sharing is Caring