രാജ്‌കോട്ടില്‍ അരങ്ങൊരുങ്ങി; ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ഇന്നു മുതല്‍


ഇന്ത്യന്‍ ക്രിക്കറ്റ് ലോകം വീണ്ടും ടെസ്റ്റ് ക്രിക്കറ്റിന്റെ മനോഹാരിതയിലേക്ക്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ഗുജറാത്തിലെ രാജ്‌കോട്ട് നഗരം ഒരുങ്ങി. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റ് മത്സരവുമാണിത്. ചേതേശ്വര്‍ പൂജാരയുടെയും രവീന്ദ്ര ജഡേജയുടെയും നാട്ടില്‍ ജയത്തോടെ തുടങ്ങുകയാകും വിരാടിന്റെ ലക്ഷ്യം.


ഐസിസി റാങ്കിങ്ങിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ ഇംഗ്ലീഷ് കശാപ്പിനൊരുങ്ങുന്നു വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ആതിഥേയര്‍. രണ്ട് ദശകത്തിനു ശേഷം അഞ്ചു ടെസ്റ്റ് പരമ്പരയ്ക്ക് ഭാരതം അതിഥികളാകുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. വ്യക്തമായ മുന്‍തൂക്കമുണ്ട് ആതിഥേയര്‍ക്ക്. ന്യൂസിലന്‍ഡിനെതിരായ പരമ്പര തൂത്തുവാരിയെത്തുന്നു ടീം. വിരാട് നായകനായ ശേഷം നാട്ടിലും വിദേശത്തുമായി നടന്ന നാലു പരമ്പരകളില്‍ ഒന്നു പോലും തോറ്റിട്ടില്ല ടീം. 2012-13നു ശേഷം നാട്ടില്‍ ഒരു മത്സരത്തില്‍ പോലും കീഴടങ്ങിയിട്ടില്ല. അവസാനം തോറ്റത് ഇംഗ്ലണ്ടിനോടെന്നത് യാദൃശ്ചികം.


രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍ എന്നിവരുടെ പരിക്കാണ് ഇന്ത്യയുടെ ആശങ്ക. എം. വിജയ്‌ക്കൊപ്പം ഗൗതം ഗംഭീര്‍ ഇന്നിങ്‌സ് തുറക്കും. നാട്ടിലെ സാഹചര്യങ്ങളില്‍ ഏറെ മികവു പുലര്‍ത്തും ഗംഭീര്‍. കിവികള്‍ക്കെതിരെ കൊല്‍ക്കത്തയില്‍ അതു തെളിയിച്ചു. പിന്നീടങ്ങോട്ട് ആശങ്കയ്ക്ക് വകയില്ല. ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ എന്നിവര്‍ ചേരുന്ന മധ്യനിര ശക്തം. ടെസ്റ്റില്‍ സ്ഥിരത പുലര്‍ത്തുന്ന അജിങ്ക്യയും തകര്‍പ്പന്‍ ഫോമിലുള്ള വിരാടും ഫോമില്‍ തിരിച്ചെത്തിയ ചേതേശ്വറും ഇന്ത്യയെ കാക്കും. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയുമുണ്ട്.

വിരാടിന് പ്രിയങ്കരമായ അഞ്ച് ബൗളര്‍ തിയറി പ്രാബല്യത്തിലായാല്‍ കരുണ്‍ നായര്‍ക്ക് അരങ്ങേറുള്ള അവസരം നഷ്ടമാകും. ഒരു ബാറ്റ്‌സമാനെ കൂടി ചേര്‍ക്കാന്‍ തീരുമാനിച്ചാലും കരുണിന് ഉറപ്പില്ല. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിഗണിച്ചേക്കാം. ആര്‍. അശ്വിന്റെ മികവാകും പരമ്പരയില്‍ ഇന്ത്യയെ മുന്നോട്ടു നയിക്കുക. കിവികള്‍ക്കെതിരെ 27 വിക്കറ്റെടുത്ത ഓഫ് സ്പിന്നര്‍, സമീപകാലത്ത് നാട്ടില്‍ നടന്ന പരമ്പരകളിലെല്ലാം ടീമിനെ ജയത്തിലേക്കു നയിച്ചു. രവീന്ദ്ര ജഡേജയാകും പങ്കാളി. കിവികള്‍ക്കെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ലെഗ് സ്പിന്നര്‍ അമിത് മിശ്രയെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ എതിരാളികള്‍ വിയര്‍ക്കും. ഒരു പേസറുടെ റോള്‍ മുഹമ്മദ് ഷാമിക്ക്. ഇഷാന്ത് ശര്‍മയോ, ഉമേഷ് യാദവോ രണ്ടാമന്റെ റോള്‍ നിര്‍വഹിക്കും. നാലു ബൗളര്‍ തിയറിയും മൂന്നു സ്പിന്നറുമായാല്‍ ഷാമി മാത്രമാകും പേസര്‍.



Sharing is Caring