രാജ്യത്ത് 24 മണിക്കൂറിനിടെ 18,166 പേര്‍ക്ക് കൊവിഡ്; ഏഴ് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,166 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടെ അതായത് 214 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയുടെ കണക്കാണിത്. വൈറസ് ബാധ മൂലം പുതുതായി രാജ്യം 214 പേരാണ് മരണപ്പെട്ടത്. രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത് 2,30,971 പേരാണ്. 208 ദിവസത്തിനിടെ ഏറ്റവും കുറവ്. ചികില്‍സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം- നിലവില്‍ 0.68 ശതമാനം. 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,624 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,32,71,915 ആയി.

രോഗമുക്തി നിരക്ക് 97.99 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 മാര്‍ച്ചിനുശേഷം ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്. ആകെ നടത്തിയത് 58.25 കോടി പരിശോധനകളാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (1.57%) കഴിഞ്ഞ 107 ദിവസമായി 3 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (1.42%) കഴിഞ്ഞ 41 ദിവസമായി 3 ശതമാനത്തില്‍ താഴെയുമാണ്. ഡല്‍ഹിയില്‍ 30 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തിയപ്പോള്‍ പോസിറ്റിവിറ്റി നിരക്ക് 0.05 ശതമാനമായി. ദേശീയ തലസ്ഥാനത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

പകര്‍ച്ചവ്യാധി ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞ് തിരക്കേറിയ സ്ഥലങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ബംഗാള്‍ സര്‍ക്കാര്‍ ആളുകളോട് ആവശ്യപ്പെട്ടു. കാരണം യഥാര്‍ഥ ഉത്സവം ആരംഭിക്കുന്നതിന് മുമ്ബുതന്നെ ധാരാളം ആളുകള്‍ ദുര്‍ഗാപൂജ പന്തലുകള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയതോടെയാണിത്. അതേസമയം, കൊവിഡ് ബാധിച്ച്‌ 12 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 18,894 ആയി ഉയര്‍ന്നു. 776 പുതിയ കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തതിനാല്‍ ആകെ കൊവിഡ് കേസുകളുടെ എണ്ണം 15,75,577 ആയി ഉയര്‍ന്നു.

നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ 10,000 താഴെ കേസുകള്‍ റിപോര്‍ട്ട് ചെയ്തു- 9,470. പുതുതായി 101 മരണങ്ങളും കേരളത്തില്‍ റിപോര്‍ട്ട് ചെയ്തു. ആകെ കേസ് 47,84,109 ആയി. മരണസംഖ്യ 26,173 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ 2,486 പുതിയ വൈറസ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 65,75,578 ആയി. 44 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,39,514 ആയി ഉയര്‍ന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 94.7 കോടി ഡോസ് വാക്‌സിന്‍. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ 19 സംസ്ഥാനങ്ങളോട് കുത്തിവയ്പ്പ് വേഗത വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചു, അതുവഴി അടുത്ത ദിവസങ്ങളില്‍ ഇന്ത്യയ്ക്ക് 100 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കാനാവും. കൂടാതെ പ്രോട്ടോക്കോളുകള്‍ പിന്തുടര്‍ന്ന് ഉല്‍സവങ്ങള്‍ ആഘോഷിച്ചില്ലെങ്കില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാളം തെറ്റുമെന്ന് മുന്നറിയിപ്പ് നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *