രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാറിന് കത്തയച്ചു


ഇടുക്കി : പൊലീസ് കസ്റ്റ‍ഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാറിന് കത്തയച്ചു. അതീവ പ്രാധാന്യത്തോടെ പരിഗണിച്ച്‌ റീ പോസ്റ്റ്മോര്‍ട്ടത്തിന് അനുമതി നല്‍കണമെന്നാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.


സംഭവത്തില്‍ നാല് കാര്യങ്ങള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ കമ്മീഷനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട് . രാജ് കുമാറിന്റെ അറസ്റ്റിലേക്കും കസ്റ്റഡിയിലേക്കും പിന്നെ മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളും വസ്തുതകളും പരിശോധിക്കുക എന്നതാണ് ആദ്യത്തെ വിഷയം.


സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉത്തരവാദിത്തപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച സംഭവിച്ചിട്ടുണ്ടോ , ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് പരിശോധിച്ച്‌ ശുപാര്‍ശ സമര്‍പ്പിക്കുക എന്നിവയ്ക്കൊപ്പം സാന്ദര്‍ഭികമായി ഉയര്‍ന്ന് വരുന്ന മറ്റ് വിഷയങ്ങളും പരിശോധിക്കാനുള്ള ചുമതലയും കമ്മീഷന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്.



Sharing is Caring