മലയാള സിനിമാതാരസംഘടനയായ എ.എം എം.എ അഴിച്ചു പണിയുന്നു. ഭരണഘടനയുടെ പുതിയ ഭേദഗതി നിലവില്‍ വരുമ്ബോള്‍ രാജി വെച്ച നടിമാര്‍ക്ക് സംഘടനയിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാകില്ല. രാജി വെച്ചവര്‍ അപേക്ഷ നല്കിയാല് മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് പുതിയ തീരുമാനം. മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയുമുള്ള അംഗങ്ങളുടെ പരസ്യപ്രതികരണങ്ങള്‍ക്ക് ഭരണഘടനാ ഭേദഗതി കര്‍ശനവിലക്കും ഏര്‍പ്പെടുത്തും.
ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ സംഘടന വിട്ടു പോയവര്‍ മാപ്പു ചോദിച്ചാല്‍ തിരിച്ചെടുക്കാമെന്നായിരുന്നു ആദ്യഘട്ടത്തില്‍ അമ്മ ഭാരവാഹികളുടെ പ്രതികരണം. എന്നാല്‍ അപേക്ഷ നല്കിയാല് തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച്ച ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കാനിരിക്കുന്ന ഭരണഘടനാഭേദഗതിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

രാജിക്കത്തു നല്‍കിയവരെ ഒരുകാലത്തും അംഗമായി പരിഗണിക്കില്ല. ആവശ്യമെങ്കില്‍ അംഗത്വത്തിനു വേണ്ടി അവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. നടി ആക്രമിക്കപ്പെട്ട സമയത്ത് പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ പരസ്യപ്രതികരണം നടത്തിയിരുന്നു. അംഗങ്ങള്‍ക്കിടയിലെ ചേരിതിരിവ് വ്യക്തമാക്കുന്ന വാട്ട്സ്അപ്പ് ഓഡിയോകളും പുറത്തു വന്നിരുന്നു. ഇത്തരം പ്രതികരണങ്ങളില്‍ നിന്നും അംഗങ്ങളെ കര്‍ശനമായി വിലക്കുന്ന നിര്‍ദേശങ്ങളാണ് പുതിയ ഭേദഗതിയിലുള്ളത്.
സംഘടനയെയോ കമ്മിറ്റിയെയോ ഏതെങ്കിലും അംഗത്തെയോ മാധ്യമങ്ങളിലൂടെ പരസ്യമായി വിമര്‍ശിച്ചാല്‍ അച്ചടക്കലംഘനമായി കണക്കാക്കും. അംഗങ്ങള്‍ക്കെതിരെയുള്ള പരാതിയില്‍ വിശദമായ അന്വേഷണത്തിനുള്ള സാധ്യതകള്‍ തുറന്നിടുമ്ബോഴും കുറ്റാരോപിതന് തന്റെ ഭാഗം നിരത്താന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതാണ് പുതിയ ഭേദഗതിയെന്നും ആക്ഷേപമുണ്ട്. കുറ്റാരോപിതന് നല്‍കേണ്ട സൗകര്യങ്ങളെപ്പറ്റി ബൈലോയില്‍ നിരവധി കാര്യങ്ങള്‍ പറയുമ്ബോള്‍ ഇരയുടെ അവകാശങ്ങളില്‍ മൗനം പാലിക്കുന്നവെന്നാണ് ആക്ഷേപം.













