രമേശ് ചെന്നിത്തലയെ നിയമസഭാ പ്രതിപക്ഷ നേതാവായും കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായും തെരഞ്ഞെടുത്തു. അഞ്ചുമണിക്കൂര്‍ നീണ്ട മാരത്തണ്‍ നടപടികള്‍ക്കുശേഷമാണു തീരുമാനം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവാകാനില്ല എന്നു വ്യക്തമാക്കിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു സുഗമമായി നടക്കുമെന്നു കരുതിയെങ്കിലും മണിക്കൂറുകള്‍ നീണ്ടു ചര്‍ച്ചകള്‍. എല്ലാ കോണ്‍ഗ്രസ് നിയുക്ത എം.എല്‍.എമാരെയും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് അഭിപ്രായസ്വരൂപണം നടത്തിയശേഷമാണു പ്രഖ്യാനമുണ്ടായത്. ഐകകണ്ഠേനയായാണ് രമേശിനെ കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവായും പ്രതിപക്ഷനേതാവായും തെരഞ്ഞെടുത്തതെന്ന് തീരുമാനം പ്രഖ്യാപിച്ച എ.ഐ.സി.സി പ്രതിനിധിയുംഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് അറിയിച്ചു. ഉമ്മന്‍ ചാണ്ടിയാണ് രമേശിന്റെ പേര് നിയമസഭാകക്ഷി നേതൃസ്ഥാനത്തേക്കു നിര്‍ദേശിച്ചത്. വി.ഡി. സതീശന്, വി.ടി. ബലറാം, അടൂര്‍ പ്രകാശ് എന്നിവര്‍ പിന്താങ്ങി. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ വികാരം മനസിലാക്കിയ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ സോണിയാഗാന്ധിയും യു.ഡി.എഫ്. ഘടകകക്ഷിനേതാക്കളുമായും ചര്‍ച്ചചെയ്തിരുന്നു.












