ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട വിവാദം കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. നേരത്തെ കോൺഗ്രസിൽ രണ്ട് ഗ്രൂപ്പുകൾ ഉണ്ടായിരുന്നത് പുതിയ വിവാദത്തോടെ അഞ്ച് ഗ്രൂപ്പുകളായി ഉയർന്നിട്ടുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു.
ദേശീയതലത്തില്‍ തന്നെ തകരുന്ന കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം വര്‍ദ്ധിപ്പിക്കുന്ന ഒരു കാരണം കൂടിയാണ് ഡിസിസി വിവാദം. കേരളത്തില്‍ ഗ്രൂപ്പ് സമവാക്യങ്ങളിലുണ്ടായ പുതിയ മാറ്റങ്ങള്‍ യുഡിഎഫിനെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എ.വി ഗോപിനാഥ് പാലക്കാട് ജില്ലയിലെ താഴേത്തട്ടില്‍ നിറഞ്ഞു നിന്ന് പ്രവര്‍ത്തിച്ചിട്ടുള്ള നേതാവാണ്. അദ്ദേഹം കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലേറെയായി വലിയ ജനകീയ പിന്തുണയോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആശങ്കയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സ്വരമാണ് എ.വി ഗോപിനാഥിന്റേതെന്നും വിജയരാഘവന്‍ പ്രതികരിച്ചു.
ഗോപിനാഥ് സി പി എമ്മിൽ ചേർന്നേക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് മുൻ കോൺഗ്രസ് നേതാവിനെ പ്രശംസിച്ചു കൊണ്ടുള്ള സി പി എം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ. രാജി പ്രഖ്യാപനം അറിയിച്ചു കൊണ്ടുള്ള പത്രസമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിക്കുവാൻ ഗോപിനാഥ് വിമുഖത കാണിച്ചിരുന്നില്ല.













