രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം; എത്ര വലിയ വെല്ലുവിളിയും നേരിടാന്‍ രാജ്യം സജ്ജം- പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടെ പ്രകൃതി ദുരന്തങ്ങളെയും രാജ്യം നേരിട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തങ്ങളിൽ ജീവഹാനി പരമാവധി കുറയ്ക്കാനായെന്നും പ്രതിമാസ റോഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. പത്ത് ദിവസത്തിനിടെ നേരിട്ട രണ്ട് ചുഴലിക്കാറ്റുകളിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയവരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി നഷ്ടം സംഭവിച്ചവരുടെ വേദനയിലും പങ്കുചേർന്നു.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാൻ രാജ്യം തയ്യാറാണ്. സർവശക്തിയും ഉപയോഗിച്ച് രാജ്യം കോവിഡിനെതിരേ പോരാടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കടുത്ത പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിൽ ഓക്സിജൻ എക്സ്പ്രസ് ഓടിച്ചവരും മറ്റു കോവിഡ് മുന്നണി പോരാളികളിൽ ചിലരേയും മൻ കീ ബാത്തിൽ പ്രധാനമന്ത്രി നേരിട്ടുവിളിച്ച് അഭിനന്ദിച്ചു. രാജ്യത്തെ ലിക്വിഡ് ഓക്സിജൻ നിർമാണം 10 മടങ്ങ് വർധിപ്പിച്ചതായും ദിനംപ്രതി 20 ലക്ഷത്തോളം കോവിഡ് പരിശോധനകൾ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രണ്ടാം മോദി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ നടന്ന മൻ കീ ബാത്തിൽ ചുഴലിക്കാറ്റ്, കോവിഡ് പ്രവർത്തനങ്ങളിൽ ഊന്നിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇന്നേക്ക് കേന്ദ്രസർക്കാർ ഏഴ് വർഷം പൂർത്തിയാക്കിയെന്നും കടന്നുപോയ ഏഴ് വർഷവും ടീം ഇന്ത്യ എന്ന നിലയിൽ ആത്മസമർപ്പണത്തോടെ പ്രവർത്തിക്കാനായെന്നും മോദി പറഞ്ഞു. ദേശസുരക്ഷ വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *