യോഗി ആദിത്യനാഥ് ഇന്ന് കേരളത്തില്‍

പത്തനംതിട്ട: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് ആദിത്യനാഥ് പത്തനംതിട്ടയിലെത്തുന്നത്. യോഗിക്ക് പിന്നാലെ കൂടുതല്‍ കേന്ദ്ര മന്ത്രിമാരും ജില്ലയില്‍ എത്തും. ശബരിമല വിഷയത്തിലുള്‍പ്പെടെ സ്വീകരിച്ച നിലപാടിന് ജനപിന്തുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററിലാണ് യോഗി ആദിത്യനാഥ് എത്തുന്നത്. വൈകിട്ട് പത്തനംതിട്ടയില്‍ രണ്ട് യോഗങ്ങളില്‍ ആദിത്യനാഥ് പങ്കെടുക്കും. നാല് ലോക്സഭാ മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് സംസാരിക്കുക. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് ആദ്യം സംബന്ധിക്കുക. തുടര്‍ന്ന് പത്തനംതിട്ട മണ്ഡലത്തിലെ ബൂത്ത് തല ഭാരവാഹികളെ അഭിസംബോധന ചെയ്യും.

തെക്കന്‍കേരളത്തില്‍ തിരുവന്തപുരത്തിനൊപ്പം ബിജെപി ഏറ്റവും പ്രതീക്ഷ കൊടുക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ശബരിമല വിഷയത്തില്‍ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നു എന്നതും നിരവധി പേര്‍ സമരങ്ങളെ തുടര്‍ന്ന് അറസ്റ്റിലായതുമെല്ലാം പാര്‍ട്ടിക്ക് ഗുണകരമായെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ തന്നെ ക്ലസ്റ്റര്‍ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെയും, പേജ് പ്രമുഖന്മാരുടെയും യോഗത്തില്‍ എത്തിക്കുന്നത്. അഞ്ച് ബൂത്തുകളുടെ ചുമതല വഹിക്കുന്ന ആളാണ് ശക്തികേന്ദ്ര ഇന്‍ചാര്‍ജ്.

നാല് മണ്ഡലങ്ങളിലെ 1200 പേരടങ്ങുന്ന തിരുവനന്തപുരം ക്ലസ്റ്റര്‍ യോഗത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദ്യം പങ്കെടുക്കുക. തുടര്‍ന്നാണ് സ്റ്റേഡിയത്തില്‍ പേജ് പ്രമുഖ്മാരുടെ യോഗം. വോട്ടര്‍പട്ടികയിലെ പേജ് നോക്കി പ്രവര്‍ത്തിക്കേണ്ടവരുടെ കമ്മിറ്റിയുടെ അദ്ധ്യക്ഷനാണ് പേജ് പ്രമുഖ്. കേരളത്തില്‍ ആദ്യമായാണ് ഈ രീതിയില്‍ ഗൃഹസമ്ബര്‍ക്കത്തിന് പാര്‍ട്ടി ശ്രമം തുടങ്ങിയിട്ടുള്ളത്.25000 പേര്‍ പേജ് പ്രമുഖുമാരുടെ യോഗത്തില്‍ പങ്കെടുക്കും. 5 ക്ലസ്റ്റര്‍ ആയി ആണ് കേരളത്തിലെ മണ്ഡലങ്ങളെ തിരിച്ചിരിക്കുന്നത്. യോഗിക്ക് പിന്നാലെ കൂടുതല്‍ കേന്ദ്ര മന്ത്രിമാരും ജില്ലയില്‍ എത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരം വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ എം ടി രമേശിന് നേടാന്‍ പത്തനംതിട്ടയില്‍ കഴിഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *