കേന്ദ്രസര്‍ക്കാറിന്റെ കന്നുകാലി കശാപ്പ് നിരോധത്തിനെതിരെ കണ്ണൂരില്‍ കന്നുകാലിയെ അറുത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നടപടിയെ വിമര്‍ശിച്ച് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. യൂത്ത് കോണ്ഗ്രസ് പ്രതിഷേധം ബുദ്ധി ശൂന്യമായിപ്പോയെന്നും അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.
യൂത്ത് കോണ്ഗ്രസിന്റെ ഈ നടപടിയോട് പാര്‍ട്ടിക്കും തനിക്കും യോജിക്കാനാകില്ല. നടപടിയില്‍ ശക്തമായി അപലപിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂരിലെ സിറ്റി ജംഗ്ഷനില്‍ കന്നുകാലി കാശാപ്പ് നിരോധിച്ച നടപടിക്കെതിരെ യൂത്ത് കോണ്ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് കാളക്കുട്ടിയെ അറുത്തത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.ഇത് ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി എടുക്കാന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. യൂത്ത് കോണ്‍ഗ്രസ് നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമോ കെപിസിസിയോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അതേ സമയം മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കണ്ണൂര്‍ സിറ്റിപൊലീസ് കേസെടുത്തിട്ടുണ്ട്.













