പട്‌ന: യു.പി ഉപതെരഞ്ഞെടുപ്പ് ഫലം ഒരു മുന്നറിയിപ്പാണെന്ന് ബി.ജെ.പിയെ ഓര്‍മിപ്പിച്ച് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍. ബി.ജെ.പി തിരുത്തല്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍.ഡി.എ നേതാക്കള്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും ലോക്ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ പാസ്വാന്‍ ആവശ്യപ്പെട്ടു.തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ വിടുകയും കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തതിന് പിന്നാലെയാണ് പാസ്വാന്‍ രംഗത്തെത്തിയിരിക്കുന്നത്.
ബിഹാറിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ അത്ഭുതമൊന്നുമില്ല. സിറ്റിങ് സീറ്റുകള്‍ അതാത് പാര്‍ട്ടികള്‍ തന്നെ നിലനിര്‍ത്തി. എന്നാല്‍ അയല്‍സംസ്ഥാനമായ യു.പിയിലെ ഫലം ഞെട്ടിച്ചു. ജനപ്രിയ സര്‍ക്കാര്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിച്ചിട്ടും അവിടെ രണ്ട് ലോക്‌സഭാ സീറ്റുകളും നഷ്ടപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷങ്ങളുടെയും ദലിതരുടേയും കാര്യത്തില്‍ ബി.ജെ.പി അവരുടെ പൊതുധാരണ മാറ്റണമെന്ന് പാസ്വാന്‍ നിര്‍ദ്ദേശിച്ചു. പാര്‍ട്ടിക്കുള്ളിലെ മതേതര നേതാക്കളുടെ വാക്കുകള്‍ തമസ്‌കരിക്കപ്പെടുന്നതായും മറ്റ് ചിലരുടെ വാക്കുകള്‍ പ്രാധാന്യം നേടുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ദലിതുകളുടെയും ബ്രാഹ്മണരുടേയും മുസ്‌ലിങ്ങളുടെയും പിന്തുണയോടെ കോണ്‍ഗ്രസ് ദീര്‍ഘകാല അധികാരത്തില്‍ തുടര്‍ന്നത് എങ്ങനെയാണെന്ന് ബിജെപി മനസ്സിലാക്കണമെന്ന് പാസ്വാന്‍ ആവശ്യപ്പെട്ടു.













