യുവേഫ ചാമ്ബ്യൻസ് ലീഗില്‍ ഇംഗ്ലീഷ് ക്ലബുകളുടെ ആധിപത്യം


യുവേഫ ചാമ്ബ്യൻസ് ലീഗില്‍ ഇംഗ്ലീഷ് ക്ലബുകളുടെ ആധിപത്യം. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരവും ജയിച്ച ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ആദ്യ എട്ടില്‍ എത്തി നേരിട്ട് പ്രീ ക്വാർട്ടറില്‍ യോഗ്യത നേടിയത് 5 ഇംഗ്ലീഷ് ക്ലബുകള്‍ ആണ്.അവസാന സ്ഥാനക്കാർ ആയ കയ്റാറ്റിനെ കഴിഞ്ഞ പ്രീമിയർ മത്സരത്തില്‍ നിന്നു 11 മാറ്റങ്ങളും ആയി എത്തിയ ആഴ്‌സണല്‍ 3-2 നു ആണ് തോല്‍പ്പിച്ചത്.


ദീർഘകാല പരിക്കില്‍ നിന്നു മോചിതനായി വന്ന കായ് ഹാവർട്സിന്റെ മികവ് ആണ് ആഴ്‌സണലിന് ജയം സമ്മാനിച്ചത്. നിരവധി അവസരങ്ങള്‍ ലഭിച്ച ആഴ്‌സണലിന് ആയി ഹാവർട്സ്, ഗ്യോകെറസ്, മാർട്ടിനെല്ലി എന്നിവർ ആണ് ഗോളുകള്‍ നേടിയത്. തന്റെ ഗോളിന് പിറകെ ഗ്യോകെറസിന്റെ ഗോളിന് അസിസ്റ്റ്‌ നല്‍കിയ ഹാവർട്സ് തന്നെയാണ് മാർട്ടിനെല്ലി ഗോള്‍ സൃഷ്ടിച്ചതും. തുടർച്ചയായ അഞ്ചാം ചാമ്ബ്യൻസ് ലീഗ് മത്സരത്തിലും മൂന്ന് ഗോളുകള്‍ നേടാനും ആഴ്‌സണലിന് ആയി.


24 പോയിന്റുകള്‍ നേടിയ ആഴ്‌സണല്‍ തന്നെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതും ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയതും ആയ ടീം. ജമാല്‍ മുസിയാല, ഹാരി കെയിൻ എന്നിവരുടെ ഗോളില്‍ 2-1 നു പി.എസ്.വിയെ തോല്‍പ്പിച്ച ബയേണ്‍ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാമത് എത്തി.ഗ്രൂപ്പ് ഘട്ടത്തില്‍ 21 പോയിന്റുകള്‍ നേടിയ ബയേണിനു പിറകെ മൂന്നാം സ്ഥാനത്ത് 18 പോയിന്റുകളും ആയി എത്തിയ ലിവർപൂള്‍ വമ്ബൻ ജയമാണ് ഖരബാഗിന് എതിരെ ഇന്ന് കുറിച്ചത്. അലക്സിസ് മക്‌അലിസ്റ്റർ ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ സലാഹ്, വിർട്സ്, എകിറ്റികെ, കിയെസ എന്നിവർ കൂടി ഗോള്‍ നേടിയതോടെ എതിരില്ലാത്ത 6 ഗോളിന് ആണ് ലിവർപൂള്‍ ജയിച്ചത്. ഫ്രാങ്ക്ഫർട്ടിനെ കോലോ മുആനിയുടെയും സൊളാങ്കെയുടെയും ഗോളില്‍ എതിരില്ലാത്ത 2 ഗോളിന് ജയിച്ച ടോട്ടനം ആണ് ഗ്രൂപ്പ് ഘട്ടത്തില്‍ 17 പോയിന്റ് നേടി നാലാമത് എത്തിയത്.

5 മുതല്‍ 8 വരെയുള്ള ടീമുകള്‍ക്ക് 16 പോയിന്റുകള്‍ ആണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ബാഴ്‌സലോണ അഞ്ചാമത് എത്തി. ഇന്ന് എഫ്.സി കോപ്പൻഹാഗനു മേല്‍ നേടിയ 4-1 ന്റെ ജയമാണ് ബാഴ്‌സക്ക് തുണയായത്. യമാല്‍, ലെവൻഡോവ്സ്കി, റഫീനിയ, റാഷ്ഫോർഡ് എന്നിവരുടെ ഗോളുകള്‍ ആണ് ബാഴ്‌സക്ക് ജയം സമ്മാനിച്ചത്. നാപോളിയെ 3-2 നു തോല്‍പ്പിച്ച ചെല്‍സി ആറാം സ്ഥാനത്ത് എത്തി. ആദ്യ പകുതിയില്‍ 2-1 നു പിറകില്‍ ആയ ചെല്‍സിക്ക് പാല്‍മറിന്റെ അസിസ്റ്റില്‍ നിന്നു ജാവോ പെഡ്രോ നേടിയ ഇരട്ടഗോളുകള്‍ ആണ് നിർണായക ജയം സമ്മാനിച്ചത്. ഏഴാം സ്ഥാനം സ്പോർട്ടിങ് ലിസ്ബണ്‍ നേടിയപ്പോള്‍ മാഞ്ചസ്റ്റർ സിറ്റിയാണ് എട്ടാം സ്ഥാനത്ത് എത്തിയത്.

അത്‌ലറ്റിക് ബില്‍ബാവോക്ക് എതിരെ 2-1 നു പിറകില്‍ ആയ സ്പോർട്ടിങ് 62 മത്തെ മിനിറ്റില്‍ ട്രിങ്കാവോയുടെയും ഇഞ്ച്വറി സമയത്ത് 94 മത്തെ മിനിറ്റില്‍ ആലിസൻ സാന്റോസിന്റെയും ഗോളില്‍ ആണ് ജയം കണ്ടത്. ഇന്ന് നിർണായക മത്സരത്തില്‍ തുർക്കി ക്ലബ് ഗാലയെ ഹാളണ്ട്, ചെർകി എന്നിവരുടെ ഗോളിന് 2-0 നു ആണ് സിറ്റി മറികടന്നത്. ജെറമി ഡോകു ആണ് ഇരു ഗോളിനും വഴി ഒരുക്കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ 9 മുതല്‍ 24 വരെയുള്ള ടീമുകളില്‍ പ്ലെ ഓഫ് ജയിച്ചു വരുന്ന ടീമുകളെ ആണ് ആദ്യ എട്ടില്‍ ഉള്ളവർ അവസാന പതിനാറില്‍ നേരിടുക.



Sharing is Caring