യുവിയുടെ ചാലഞ്ച് ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം


മുംബൈ: യുവരാജ് സിംഗിന്റെ കീപ്പ് ഇറ്റ് അപ്പ് ചലഞ്ച് സ്വീകരിച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍ വീഡിയോയുടെ അവസാനം വെളിപ്പെടുത്തിയ ട്വിസ്റ്റ് ഏവരെയും ചിരിപ്പിച്ചു.ബാറ്റിന്റെ വീതി കുറഞ്ഞ ഭാഗം ഉപയോഗിച്ച്‌ പന്ത് തുടര്‍ച്ചയായി ബൗണ്‍സ് ചെയ്യിപ്പിക്കുന്നതായിരുന്നു യുവരാജിന്റെ ചലഞ്ച്. സച്ചിന്‍, രോഹിത് ,ഹര്‍ഭജന്‍ സിംഗ് എന്നിവരെ ചലഞ്ച് ചെയ്തായിരുന്നു യുവിയുടെ പോസ്റ്റ്. മാസ്റ്റര്‍ ബ്‌ളാസ്റ്റര്‍ക്ക് ഇത് എളുപ്പമാണ്. രോഹിത് ശര്‍മയ്ക്കും എളുപ്പമായിരിക്കും. എന്നാല്‍, ഹര്‍ഭജന്‍ സിംഗിന് അത്ര എളുപ്പമാവില്ല എന്ന ആമുഖവും യുവി വീഡിയോയില്‍ കുറിച്ചു.


സച്ചിന്‍ ചലഞ്ച് സ്വീകരിക്കുക മാത്രമല്ല, താന്‍ കാണിക്കുന്നതുപോലെ ചെയ്യാന്‍ സാധിക്കുമോ എന്ന മറു ചലഞ്ചും യുവിക്കു മുന്നില്‍ വച്ചു, ഒരു ട്വിസ്റ്റ് ഉണ്ടെന്നും സച്ചിന്‍ കുറിച്ചു. കണ്ണ് കറുത്ത തുണികൊണ്ട് മറച്ചശേഷമായിരുന്നു സച്ചിന്‍ കീപ്പ് ഇറ്റ് അപ്പ് ചലഞ്ച് ചെയ്തത്. തുണി സുതാര്യമായിരുന്നെന്നും മറുവശം കാണാമെന്നും അടുത്ത വീഡിയോയിലൂടെ സച്ചിന്‍ വെളിപ്പെടുത്തി. അതായിരുന്നു സച്ചിന്‍ ഒളിപ്പിച്ച ട്വിസ്റ്റ്.




Sharing is Caring