യുഡിഎഫ് വിടണമെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ആവശ്യം


കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിടണമെന്ന് പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ആവശ്യം. മുന്നണി വിടണം എന്ന ആവശ്യത്തില്‍ ഭൂരിഭാഗം നേതാക്കളും ഉറച്ച് നിന്നു. കോണ്‍ഗ്രസുകാര്‍ വഞ്ചകരാണെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ കുറ്റപ്പെടുത്തി. ബാര്‍കോഴ കേസില്‍ കെഎം മാണിയെ ഒറ്റപ്പെടുത്തിയതിനെതിരായ വികാരമാണ് പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്.


അതേസമയം, ബാര്‍കോഴകേസിലെ ഗൂഡാലോചന പുറത്ത് പറയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഗൂഡാലോചന സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ അത് മുന്നണിക്ക് വിഷമമാകുമെന്ന് കെ എം മാണി പറഞ്ഞു. പാര്‍ട്ടിക്ക് സത്യാവസ്ഥ മനസിലാകുന്നതിന് വേണ്ടിയാണ് അന്വേഷണം നടത്തിയതെന്നും ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് യുഡിഎഫിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നും മാണി ചൂണ്ടിക്കാട്ടി. ബാര്‍കോഴ കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്നും കെ എം മാണി പറഞ്ഞു.


കെ എം മാണിക്കെതിരായ ബാര്‍കോഴ ആരോപണം യുഡിഎഫില്‍ നിന്നുതന്നെയുള്ള ഗൂഢാലോചനയാണെന്ന് തറപ്പിച്ച് പറയുകയാണ് പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി. റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ മുന്നണിയെ ബാധിക്കുമെന്ന മാണിയുടെ വാക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനും എന്നും യുഡിഎഫില്‍ തളച്ചിടാനും കെട്ടിച്ചമച്ചതാണ് ബാര്‍കോഴ ആരോപണം എന്ന് നേരത്തെ കെ എം മാണി ആരോപിച്ചിരുന്നു.

ബാര്‍കോഴ കേസില്‍ മാണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ് ഈ മാസം 12 ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പരാതിക്കാര്‍ പുതിയ തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണം ആകാമെന്നും എന്നാല്‍ ഇപ്പോള്‍ അത്തരം സാഹചര്യം ഇല്ലെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി അടുത്ത മാസം 12 ലേക്ക് മാറ്റിയിരിക്കുകയാണ്.



Sharing is Caring