യുഎസ് ഓപ്പണ്‍; സൂപ്പര്‍ പോരാട്ടത്തില്‍ തീമിനെ വീഴ്ത്തി നദാല്‍ സെമിയില്‍; സെറീനയ്ക്കും മുന്നേറ്റം


ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ വീഴ്ത്തി സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ സെമി ഫൈനലിലെത്തി. അഞ്ചു സെറ്റുകള്‍ നീണ്ടുനിന്ന മാരത്തോണ്‍ പോരാട്ടത്തിനൊടുവിലാണ് തീം അടിയറവ് പറഞ്ഞത്. സ്‌കോര്‍ 0-6, 6-4, 7-5, 6-7, 7-6. അവസാന രണ്ടു സെറ്റുകളും ട്രൈബ്രേക്കറിലേക്ക് നീങ്ങിയെങ്കിലും അന്തിമ വിജയം നദാലിനൊപ്പംനിന്നു.


ആദ്യ സെറ്റില്‍ നദാലിനെ തീര്‍ത്തും നിഷ്പ്രഭനാക്കിയശേഷമായിരുന്നു തീമിന്റെ തോല്‍വി. രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റില്‍ നദാല്‍ തിരിച്ചുവന്നെങ്കിലും നാലാം സെറ്റ് ടൈബ്രേക്കറില്‍ തീം സ്വന്തമാക്കി. എന്നാല്‍, വാശിയേറിയ അഞ്ചാം സെറ്റില്‍ ടൈബ്രേക്കറില്‍ തന്നെ നദാല്‍ തിരിച്ചടിക്കുകയായിരുന്നു. കടുത്ത ചൂടിനെ അവഗണിച്ചായിരുന്നു നദാലിന്റെ വിജയം. സെമിയില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ ആണ് നദാലിന്റെ എതിരാളി. നേരത്തെ ജോണ്‍ ഇസ്‌നറിനെ 6-7, 6-3, 7-6, 6-2 എന്ന സ്‌കോറിന് ഡെല്‍പോട്രോ തോല്‍പ്പിച്ചു. കടുത്ത ചൂടും ഹുമിഡിറ്റിയും കാര്യമായി ബാധിച്ചെന്ന് കളിക്കുശേഷം ഡെല്‍പോട്രോ വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തില്‍ കളിക്കാനുള്ള ശാരീരികക്ഷമത തനിക്കില്ലെന്ന് ജോണ്‍ ഇസ്‌നറും പറഞ്ഞു. കഴിഞ്ഞദിവസം ടൂര്‍ണമെന്റില്‍നിന്നും പുറത്തായ റോജര്‍ ഫെഡററും ചൂടിന്റെ കാഠിന്യത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു




Sharing is Caring