തൃശൂര്‍: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ മര്‍ദിച്ച് കൊന്ന സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍. ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരാളെ തല്ലിക്കൊല്ലാന്‍ ആര്‍ക്കും അധികാരമില്ല. അന്വേഷണം നടത്താന്‍ എസ്.പിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാപരമായ ശിക്ഷ തന്നെ പ്രതികള്‍ക്ക് നല്‍കും. പ്രതികളെ ഉടന്‍ പിടികൂടും. ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് വാഹനത്തില്‍ മരണപ്പെട്ടതിനാല്‍ ഇതിന് കസ്റ്റഡി സ്വഭാവമുണ്ട്. അക്കാര്യവും അന്വേഷിക്കുമെന്നും ബാലന്‍ വ്യക്തമാക്കി.














