ന്യൂഡല്‍ഹി:ബി.ജെ.പിയിലെ മോദി വിരുദ്ധന്‍ എന്നറിയപ്പെടുന്ന നേതാവിനെ പാര്‍ട്ടിയുടെ സുപ്രധാന ചുമതലയേല്‍പ്പിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ഗുജറാത്തിലെ പ്രമുഖ നേതാവായ ഗോര്‍ദന്‍ സദാഫിയയെ ഉത്തര്‍പ്രദേശിന്റെ തിരഞ്ഞെടുപ്പ് ചുമതലയേല്‍പ്പിച്ചത് ബി.ജെ.പിയിലെ സമവാക്യങ്ങള്‍ മാറുന്നതിന്റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് കാരണക്കാര്‍ അമിത് ഷായും നരേന്ദ്ര മോദിയുമാണെന്ന പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ കടുത്ത വിമര്‍ശനം നിലനില്‍ക്കുമ്ബോഴാണ് മോദി വിരുദ്ധനെ സുപ്രധാന ചുമതലയേല്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് വിമതനായി മത്സരിച്ച സദാഫിയ 2014ലാണ് വീണ്ടും ബി.ജെ.പിയിലെത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിന് വേണ്ടി 17 സംസ്ഥാനങ്ങളില്‍ ചുമതലക്കാരെ നിയമിച്ചപ്പോഴാണ് സദാഫിയയ‌്‌ക്കും മുഖ്യ ചുമതല ലഭിച്ചത്.

2002ലെ ഗുജറാത്ത് കലാപ സമയത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന സദാഫിയ കലാപം നിയന്ത്രിക്കുന്നതിന് വേണ്ടി ഒന്നും ചെയ്‌തില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് മന്ത്രിസ്ഥാനത്ത് നിന്നും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പുറത്താക്കിയതിന് ശേഷം സദാഫിയ മോദി വിരുദ്ധ ചേരിയിലെത്തി. 2007ല്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പിക്കെതിരെ മത്സരിച്ചു. പിന്നീട് മറ്റൊരു മോദി വിരുദ്ധനായ കേശുഭായ് പട്ടേലുമായി ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ വി.എച്.പിയില്‍ നിന്നും പ്രവീണ്‍ തൊഗാഡിയ പുറത്ത് പോയതോടെ ശക്തിയാര്‍ജിച്ച സദാഫിയ ബി.ജെ.പിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. പട്ടേല്‍ സമുദായത്തിലെ ശക്തനായ നേതാവെന്ന് അറിയപ്പെടുന്ന സദാഫിയ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിന് തലവേദനയായി മാറിയ ഹര്‍ദിക് പട്ടേലിന്റെ സമരത്തെ അടിച്ചമര്‍ത്തുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.













