മോദിയുടെ ഹിന്ദു -മുസ്‌ലിം പരാമര്‍ശം സര്‍ക്കാര്‍ വട്ടപ്പൂജ്യമെന്നതിന്റെ തെളിവ്- കെജ്‌രിവാള്‍


അധികാരത്തിലേറി നാല് വര്‍ഷത്തിന് ശേഷവും പ്രധാനമന്ത്രി ഹിന്ദുക്കളേയും മുസ്‌ലിങ്ങളേയും കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വട്ടപ്പൂജ്യമാണെന്നതിന്റെ തെളിവാണതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സര്‍ക്കാറിന് നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയാത്തതു കൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. കാരണം നേട്ടങ്ങളെ കുറിച്ചൊന്നും പറയാനില്ല. ഹിന്ദു-മുസ്‌ലിം വാദം കൊണ്ട് രാജ്യത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കാനാകുമോയെന്നും കെജ്‌രിവാള്‍ ചോദിച്ചു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ റാലിക്കിടെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തെ കുറിച്ചാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം.


കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്‍മാരുടെ മാത്രം പാര്‍ട്ടിയായി മാറിയോ എന്ന് പ്രധാനമന്ത്രി ചോദിച്ചിരുന്നു.


അമേരിക്ക നാനോ ടെക്‌നോളജിയെക്കുറിച്ചും ജപ്പാനും ഫ്രാന്‍സും ഇംഗ്ലണ്ടുമെല്ലാം മറ്റ് വലിയ പദ്ധതികളെക്കുറിച്ചും പറയുമ്പോള്‍ മോദി ഹിന്ദു-മുസ്‌ലിം വിഷയമാണ് സംസാരിക്കുന്നത്. വിദ്യാഭ്യാസം കൊണ്ടുമാത്രമേ രാജ്യത്തെ മുന്‍പന്തിയില്‍ എത്തിക്കാന്‍ കഴിയൂ. കഴിഞ്ഞ 70 വര്‍ഷമായി കേന്ദ്രം ഭരിച്ച ഒരു സര്‍ക്കാരും വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്ക് കാര്യമായി ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോകത്തെ ഏറ്റവും ബുദ്ധിമാന്‍മാരായ ജനതയാണ് ഇന്ത്യയിലേത്. എന്നാല്‍ അളിഞ്ഞ രാഷ്ട്രീയം പലരേയും നിരക്ഷരരാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



Sharing is Caring