ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റ് സോണിയ ഗാന്ധി. പ്രതിപക്ഷത്തിന്‍റെ വായ് മൂടിക്കെട്ടുന്ന ബി.ജെ.പി എന്‍.ഡി.എ സര്‍ക്കാറിന്‍റെ രീതിയെ സോണിയ കടന്നാക്രമിച്ചു. നമ്മുടെ സ്വാതന്ത്ര്യം ഇന്ന് ഭീഷണിയിലാണ്. കാരണം പുരോഗമന കാഴ്ചപ്പാടല്ല, രാജ്യത്തെ പിന്നാക്കം നയിക്കുന്ന കാഴ്ചപ്പാടുകള്‍ ഉള്ളവരാലാണ് രാജ്യം നയിക്കപ്പെടുന്നത്. ഇന്ത്യാ ടുഡേ 2018 കോണ്‍ക്ളേവില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സോണിയ.
ഭയവും ഭീഷണിയുമാണ് എങ്ങും നടമാടുന്നത്. ബഹുസ്വരമായതും വ്യതിരിക്തമായതുമായ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നു. മതവിദ്വേഷം ആളിക്കത്തിക്കുന്നു. ജാഗ്രത സമിതിയെന്ന പേരില്‍ ഗുണ്ടാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. തെരഞ്ഞെടുപ്പ് വിജയം മാത്രം മുന്‍നിറുത്തി സമൂഹത്തെ വിഭജിക്കുന്നു. ബി.ജെ.പി സര്‍ക്കാറിന്‍റെ അസഹിഷ്ണുതയെ വിമര്‍ശിച്ചുകൊണ്ട് സോണിയ അഭിപ്രായപ്പെട്ടു.

പാര്‍ലമെന്‍റിലെ മൃഗീയമായ ഭൂരിപക്ഷം കൊണ്ട് മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയാണ്. ലോക്സഭയില്‍ പോലും സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ലമെന്‍റ് പിന്നെ എന്തിനാണ്? ലോക്സഭ അടച്ചുപൂട്ടി നമുക്ക് വീട്ടില്‍ പോയിക്കൂടേ? വാജ്പേയി സര്‍ക്കാറിനെ പോലെയല്ല ഈ സര്‍ക്കാര്‍. മോദിസര്‍ക്കാറിന് പാര്‍ലമെന്‍റ് നടപടികളില്‍ പോലും ബഹുമാനമില്ലെന്നും സോണിയ കുറ്റപ്പെടുത്തി.
മോദി സര്‍ക്കാറിന് കീഴില്‍ ഇന്ത്യ സാമ്പത്തിക പുരോഗതി കൈവരിച്ചുവെന്ന വാദത്തില്‍ കഴമ്പില്ലെന്ന് നിരവധി ചോദ്യങ്ങളിലൂടെ സോണിയ വ്യക്തമാക്കി. 2014 മെയ് 26ന് മുന്‍പ് ഇന്ത്യ വെറും വട്ടപ്പൂജ്യമായിരുന്നോ? നാല് വര്‍ഷം മുന്‍പ് മാത്രമാണോ ഇന്ത്യ പുരോഗതിയുടെയും സമൃദ്ധിയുടേയും പാതയിലെത്തിയത്? ഇത്തരം പൊള്ളയായ അവകാശ വാദങ്ങള്‍ ജനങ്ങളുടെ സാമാന്യബുദ്ധിയെ പോലും ചോദ്യം ചെയ്യുന്നതല്ലേ? സോണിയ ആരാഞ്ഞു.













