മൈസൂരുവിലെ പെരിയപട്ടണയില്‍ ഇടിമിന്നലേറ്റ് ആറ് പേര്‍ മരിച്ചു. കാലികളെ മേയ്ക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. പെരിയപട്ടണ താലൂക്കിലെ നന്ദിനാഥപുരയില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മൂന്നു പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവര്‍ മൈസൂരുവിലെ കെ.ആര്‍.ആശുപത്രിയില്‍ ചികിത്സയിലാണ്.
സുജയ്,സുദീപ്, സുവര്‍ണമ്മ, ഉമേഷ്, തിമ്മെഗൗഡ, പുട്ടണ്ണയ്യ എന്നിവരാണ് മരിച്ചത്. നാഗേഷ്, മഹേഷ്, വിശ്വ എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. കഴിഞ്ഞ രണ്ട് ദിവസമായി പെരിയപട്ടണയില്‍ കനത്ത ഇടിയോടു കൂടിയ മഴ തുടരുകയാണ്. മഴ പെയ്തപ്പോള്‍ സമീപത്തെ ക്ഷേത്രത്തില്‍ അഭയം തേടിയപ്പോഴായിരുന്നു ഇടിമിന്നലേറ്റത്. ആറു പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഇതുവരെ കര്‍ണാടകയില്‍ കനത്ത മഴയില്‍ 96 ജീവനുകള്‍ പൊലിഞ്ഞിരുന്നു. സംസ്ഥാനത്തെ 30 സംസ്ഥാനങ്ങളില്‍ 23 ഇടത്തും മഴക്കെടുതിയില്‍പ്പെട്ട് മരണം സംഭവിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.













