മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യ്ത് നടപടി വേണമെന്ന ആവശ്യം വിജിലന്‍സ് ഡയറക്ടര്‍ അംഗീകരിച്ചു. നിയമോപദേശം ലഭിച്ചാല്‍ ഉടനെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
ഗൂഢാലോചന, വ്യാജരേഖ, വഞ്ചനാക്കുറ്റം, പണാപഹരണം എന്നിവയ്ക്കുപുറമേ അഴിമതി നിരോധനനിയമവും വെളളാപ്പളളിക്കെതിരെ ചുമത്തും.
15 കോടിയോളം രൂപയുടെ തട്ടിപ്പുകേസാണു വെള്ളാപ്പള്ളി അഭിമുഖീകരിക്കുന്നത്. വെള്ളാപ്പള്ളിയെക്കൂടാതെ യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ കെ.കെ. മഹേശന്‍, സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ എസ്. നജീബ് എന്നിവരാണു മറ്റു പ്രതികള്‍. പിന്നാക്ക വികസന കോര്‍പറേഷനിലെ ഉന്നതരുടെ ഒത്താശയോടെ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു വിജിലന്‍സ് അന്വേഷണമാരംഭിച്ചത്.














