മെര്‍സല്‍ വിവാദം കൊഴുക്കുന്നു: ബി.ജെ.പി.ക്കെതിരേ രാഹുല്‍ ഗാന്ധിയും സ്റ്റാലിനും

വിജയ് നായകനായ പുതിയ തമിഴ് ചിത്രം ‘മെര്‍സലി’ലെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ദൃശ്യങ്ങള്‍ നീക്കംചെയ്യാന്‍ തീരുമാനിച്ചിട്ടും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രത്തിനെതിരേ പ്രതിഷേധിച്ച ബി.ജെ.പി.ക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിന്‍, തമിഴ് താരസംഘടനയായ നടികര്‍സംഘം ജനറല്‍ സെക്രട്ടറിയും നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റുമായ വിശാല്‍ തുടങ്ങിയവര്‍ രംഗത്തെത്തി.

തമിഴ് സംസ്കാരത്തിന്റെയും ഭാഷയുടെയും തീവ്രമായ ആവിഷ്കാരമാണ് സിനിമ. മെര്‍സലില്‍ തലയിട്ട് തമിഴരുടെ ആത്മാഭിമാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ട എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബോധന ചെയ്തുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പോസ്റ്റ്. അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ബി.ജെ.പി.യുടെ ശ്രമമാണിതെന്ന് സ്റ്റാലിന്‍ ആരോപിച്ചു. ഡി.എം.കെ. ഇത് ശക്തിയുക്തം എതിര്‍ക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

സെന്‍സര്‍ ബോര്‍ഡ് അനുമതിനല്‍കിയ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ലെന്ന് വിശാല്‍ പറഞ്ഞു. പ്രേക്ഷകരില്‍ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച്‌ അവബോധമുണ്ടാക്കാന്‍ കഴിയുന്നതരത്തിലുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിന് വിജയ്, സംവിധായകന്‍ ആറ്റ്ലീ എന്നിവരെ അഭിനന്ദിക്കുന്നുവെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് സിനിമകളില്‍ അമേരിക്കന്‍ പ്രസിഡന്റിനെ രൂക്ഷമായി വിമര്‍ശിക്കുന്നത് ചൂണ്ടിക്കാട്ടിയ വിശാല്‍ ബി.ജെ.പി.യുടെ നടപടി അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും ആരോപിച്ചു.

വിജയിയെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ബി.ജെ.പി.യുടെ തന്ത്രമാണിതെന്ന് വി.സി.കെ. നേതാവ് തിരുമാവളവന്‍ ആരോപിച്ചു. സി.പി.ഐയും സി.പി.എമ്മും ബി.ജെ.പി.ക്കെതിരേ രംഗത്തുവന്നു.

മെര്‍സല്‍ വിഷയത്തില്‍ തമിഴ്സ്നേഹം പ്രകടിപ്പിക്കുന്ന രാഹുല്‍ ഗാന്ധി, ശ്രീലങ്കയില്‍ തമിഴര്‍ കൂട്ടക്കൊലയ്ക്ക് ഇരയായപ്പോള്‍ എവിടെയായിരുന്നുവെന്ന് ബി.ജെ.പി. തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍ ചോദിച്ചു. രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. ബി.ജെ.പി.യുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ചിത്രത്തില്‍നിന്ന് ജി.എസ്.ടി., ഡിജിറ്റല്‍ ഇന്ത്യ പദ്ധതി എന്നിവയെ വിമര്‍ശിക്കുന്ന ദൃശ്യങ്ങള്‍ നീക്കംചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

വിവാദ സംഭാഷണം വരുമ്ബോള്‍ ബീപ് ശബ്ദം നല്‍കിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

വിജയിനെതിരേ ജാതീയമായ പരാമര്‍ശവുമായി ബി.ജെ.പി. ദേശീയസെക്രട്ടറി എച്ച്‌. രാജയും രംഗത്തുവന്നു. ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട വിജയിയുടെ മോദിസര്‍ക്കാര്‍വിരുദ്ധ പ്രചാരണത്തിന് കാരണം മതപരമാണെന്ന് രാജ ആരോപിച്ചു. ജോസഫ് വിജയ് എന്ന വിജയ്യുടെ മുഴുവന്‍ പേരും പറഞ്ഞുകൊണ്ടാണ് രാജ ആരോപണം ഉന്നയിച്ചത്. ക്ഷേത്രങ്ങള്‍ക്കു പകരം ആസ്​പത്രികള്‍ നിര്‍മിക്കണമെന്ന സംഭാഷണത്തിനു പകരം പള്ളികളെക്കുറിച്ചു പറയുമോയെന്ന് രാജ ചോദിച്ചു. നികുതിവെട്ടിപ്പു നടത്തുന്ന വിജയിന് നികുതിയെക്കുറിച്ച്‌ പറയാന്‍ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *