മെട്രോ ഉദ്ഘാടനം നാളെ; കൊച്ചി സുരക്ഷാ വലയത്തില്‍


കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ മെട്രോയ്‌ക്കൊപ്പം ഇനി കൊച്ചി കുതിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ 11ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മോദിയുടെ വരവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സുരക്ഷ ശക്തമാക്കി. എസ്പിജിയുടെ നിരീക്ഷണത്തിന് പുറമെ 2000 പോലീസുകാരെയും സുരക്ഷയ്ക്കായി നിയമിച്ചു.


പ്രധാനമന്ത്രി എത്തുന്ന വില്ലിങ്ടണ്‍ ഐലന്റിലെ നാവിക വിമാനത്താവളത്തില്‍ നിന്ന് പാലാരിവട്ടം സ്റ്റേഷന്‍ വരെ കനത്ത സുരക്ഷയൊരുക്കും. നേവല്‍ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജങ്ഷന്‍, ബിടിഎച്ച്, മേനക, ഹൈക്കോടതി, കലൂര്‍, പാലാരിവട്ടം എന്നിവിടങ്ങള്‍ വരെ 17ന് രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഗതാഗത നിയന്ത്രണവുമേര്‍പ്പെടുത്തി. രാവിലെ അഞ്ചുമുതല്‍ പ്രധാനമന്ത്രി മടങ്ങുന്നതുവരെ പാര്‍ക്കിങ് അനുവദിക്കില്ല. വഴിയോര കച്ചവടങ്ങള്‍ ഇന്ന് മുതല്‍ നിരോധിച്ചു.


നാവിക വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രി ആദ്യം പാലാരിവട്ടം സ്റ്റേഷനിലാണ് എത്തുന്നത്. ഇവിടെ നിന്ന് പത്തടിപ്പാലം വരെ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യും. തുടര്‍ന്ന് പാലാരിവട്ടത്ത് എത്തി ഉദ്ഘാടന വേദിയായ കലൂര്‍ സ്റ്റേഡിയത്തിലേക്ക് പോകും. സുരക്ഷയുടെ ഭാഗമായി 3500 പേര്‍ക്ക് മാത്രമാണ് പ്രവേശനം. തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവയുള്ളവരെ മാത്രമേ അകത്തേക്ക് കടത്തിവിടൂ. ബാഗ്, മൊബൈല്‍ ഫോണ്‍, കുപ്പിവെള്ളം എന്നിവയും അകത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല.

നിരീക്ഷണ ക്യാമറകളും ഉദ്ഘാടന വേദികളില്‍ സ്ഥാപിച്ചിട്ടുണ്ട്. മെട്രോ സ്‌റ്റേഷനുകളില്‍ സുരക്ഷാ കാവല്‍ ആരംഭിച്ചിട്ടുണ്ട്. മെട്രോ ഉദ്ഘാടന ശേഷം സെന്റ് തെരേസാസ് കോളേജിലെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.



Sharing is Caring