‘മുന്‍സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തൂ, ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല’- നിലപാടിലുറച്ച് യശ്വന്ത്


രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്കു നയിക്കുകയാണ് കേന്ദസര്‍ക്കാര്‍ ചെയ്യുന്നതെന്ന് തന്റെ പരാമര്‍ശത്തില്‍ ഉറച്ചു നിന്ന് യശ്വന്ത് സിന്‍ഹ. മുന്‍സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നത് നിലവിലെ ബി.ജെ.പി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ഇപ്പോഴും അവസ്ഥയില്‍ ഒരു മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഞാന്‍ എന്റെ വിശകലനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. ഹ്രസ്വ വീക്ഷണത്തോടെ പ്രധാനമന്ത്രി എടുത്തുചാടി എടുത്ത തീരുമാനങ്ങളാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്- അദ്ദേഹം ആവര്‍ത്തിച്ചു.


നാം എപ്പോഴും യു.പി.എ സര്‍ക്കാറിനെ കുറ്റപ്പെടുത്തും. അധികാരത്തിലേറി നാല്‍പതു മാസം കഴിഞ്ഞിട്ടും നാം ഇപ്പോഴും അതേ അവസ്ഥയില്‍ തന്നെ നില്‍ക്കുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം മുന്‍ധനകാര്യ മന്ത്രികൂടിയായ യശ്വന്ത് സിന്‍ഹ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ കോളത്തിലൂടെ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തേയും ജി.ഡി.പി കണക്കാക്കുന്ന രീതിയേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നോട്ട് നിരോധനം ലഘൂകരിക്കാനാത്ത സാമ്പത്തിക ദുരന്തം എന്നായിരുന്നു യശ്വന്ത് സിന്‍ഹയുടെ പരാമര്‍ശം. ദാരിദ്യം നേരിട്ട് കണ്ടിട്ടുണ്ടെന്ന് പറയുന്ന മോദിയുടെ ധനകാര്യ മന്ത്രി ഇന്ത്യക്കാരെയെല്ലാം ദാരിദ്ര്യം കാണിക്കാനുള്ള അധിക ജോലി ചെയ്യുകയാണെന്നും യശ്വന്ത് സിന്‍ഹ പരിഹസിച്ചിരുന്നു.

യശ്വന്ത സിന്‍ഹയുടെ നിലപാടിനെതിരെ അദ്ദേഹത്തിന്റെ മകനും കേന്ദ്ര വ്യാമയാന മന്ത്രിയുമായ ജയന്ത് സിന്‍ഹ ഇന്ന് പ്രതികരിച്ചിരുന്നു.



Sharing is Caring