കൊച്ചി: മുനമ്ബം മനുഷ്യക്കടത്ത് കേസില്‍ ജയില്‍ കഴിയുന്ന ബോട്ട് ഉടമ അനില്‍ കുമാര്‍ അടക്കം മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബോട്ട് ഉടമ അനില്‍ കുമാറിന് പുറമെ ഇടനിലക്കാരായ പ്രഭു, രവി എന്നിവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ച മറ്റ് രണ്ട് പേര്‍.
ഇതോടോപ്പം സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോടതി പരിഗണിക്കും. മുനമ്ബത്തേത് മനുഷ്യക്കടത്താണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അന്വേഷണം പൊലീസ് നല്ല നിലയിലാണ് നടത്തുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസായിട്ടും എന്ത് കൊണ്ട് അന്വേഷണം കേന്ദ്ര ഏജന്‍സിയ്ക്ക് കൈമാറിയില്ലെന്ന് നേരത്തെ ഹൈക്കോടതി ആരാഞ്ഞിരുന്നു.
എന്നാല്‍, കേസ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പൊലീസ് അന്വേഷണം കാര്യക്ഷമമെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മുനമ്ബത്തേത് മനുഷ്യക്കടത്ത് എന്ന് പറയാനാവില്ല. മനുഷ്യ കടത്താണെന്നു പറയണമെങ്കില്‍ ഇരകളെ കണ്ടെത്തണം. ബോട്ടില്‍ പോയവര്‍ അറസ്റ്റിലായവരുടെ ബന്ധുക്കളാണെന്നും മുഖ്യപ്രതികളെ തിരിച്ചറിഞ്ഞുവെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുനമ്ബം തീരത്ത് നിന്ന് ഇക്കഴിഞ്ഞ ജനുവരി 12ന് സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെപ്പേരെ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ദയാമാത ബോട്ട് ഉടമകളില്‍ ഒരാളായ കോവളം സ്വദേശി അനില്‍ കുമാര്‍, ദില്ലി സ്വദേശികളായ പ്രഭു പ്രഭാകരന്‍, രവി സനൂപ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. അനധികൃത കുടിയേറ്റത്തിന് പുറമേ മൂന്ന് വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, എമിഗ്രേഷന്‍ ആക്‌ട്, ഫോറിനേഴ്സ് ആക്‌ട് തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.













